
ഹൈദരാബാദ്: കാമുകനടുത്തെത്താൻ പത്തൊമ്പതുകാരി നടന്നത് 60 കിലോമീറ്റർ. ആന്ധ്രപ്രദേശിലാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി കൃഷ്ണ ജില്ലക്കാരിയായ ചിതികല ഭവാനിയും സായ് പുന്നയ്യ എന്ന യുവാവും പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇവരുടെ ബന്ധം വീട്ടിലറിഞ്ഞത്.
യുവതിയുടെ വീട്ടുകാർ പ്രണയബന്ധം ശക്തമായി എതിർത്തതോടെ, കമിതാക്കൾ ഒളിച്ചോടാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. എന്നാൽ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കവേയാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ഭവാനി വീട്ടിലകപ്പെട്ടു. അടുത്ത ഗ്രാമത്തിലുള്ള കാമുകനടുത്തെത്താൻ വാഹനങ്ങളൊന്നുമില്ല. ഒടുവിൽ നടന്നു പോകാൻ തീരുമാനിച്ചു.
60 കിലോമീറ്റർ നടന്നാണ് ഭവാനി കാമുകന്റെ വീട്ടിലെത്തിയത്. താമസിയാകെ വിവാഹവും നടന്നു. യുവതിയുടെ വീട്ടുകാർ ഭീഷണിയുമായെത്തിയതോടെ സംരക്ഷണമാവശ്യപ്പെട്ട് നവദമ്പതികൾ പൊലീസിൽ അഭയം തേടുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവർക്കും പ്രായപൂർത്തിയായതിനാൽ പൊലീസ് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.