mahruf

കണ്ണൂർ: കൊവിഡ് 19 ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇന്നുരാവിലെ മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിന് (71) എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതാണ് ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നതും. അത് കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ള ആളായിരുന്നു മഹറൂഫ്.

കഴിഞ്ഞ മാസം 26 ന് പനിബാധിച്ച് മരുമകനോടൊപ്പം ഇയാൾ തലശേരിയിലെ ടെലി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ മഹ്‌റൂഫിന് രോഗം കലശലായതിനെ തുടർന്ന് 30ന് വീണ്ടും ഇതേ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസം രൂക്ഷമായതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. രോഗ ശമനം ഇല്ലാത്തതിനെ തുടർന്ന് അന്നുതന്നെ വൈകുന്നേരം 4 മണിയോടെ തലശേരി സഹകരണ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റി. 31ന് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

മെഡിക്കൽ കോളേജിൽ മൂന്നംഗ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കാർഡിയോളജി, നെഫ്രോളജി, ജനറൽ മെഡിസിൻ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വെന്റിലേറ്ററിൽ ചികിത്സ നൽകിയിരുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. നിരവധി ആളുകളുമായി മഹ്‌റൂഫ് ബന്ധപ്പെട്ടിരുന്നു. പള്ളിയിൽ മത ചടങ്ങിലും, ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിലും പങ്കെടുത്തിരുന്നു. മരുമകന്റെ ബൈക്കിൽ മാഹി പാലം വരെ എത്തിയ മഹ്റൂഫ് ടെമ്പോ ട്രാവലറിലാണ് വിവാഹ നിശ്ചയ വീട്ടിലേക്ക് പോയത്. വാഹനത്തിൽ മഹ്‌റൂഫ് ഉൾപ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്. ഇവരുടെ എല്ലാം സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണെങ്കിലും നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗ ലക്ഷണം കണ്ട് ആറ് ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്.