covid-kerala

കാസർകോട്‌: ആരോഗ്യ പ്രവർത്തകരും പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അശ്രാന്ത പരിശ്രമത്തിൽ കാസർകോട്‌ അതിജീവനത്തിലേക്ക്‌. രാജ്യത്തെ പ്രധാന കൊവിഡ്‌ ബാധിത പ്രദേശമായ കാസർകോട്‌ ജില്ലയിൽ ശനിയാഴ്‌ച രോഗമുക്തി നേടി 18 പേരാണ്‌ ആശുപത്രി വിട്ടത്‌. ഇതുവരെ 23 പേരാണ്‌ രോഗവിമുക്തരായത്‌. ഇവരിൽ കൂടുതലും ദുബായിൽ നിന്നെത്തിയവരാണ്‌. ഒമ്പതു പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. നിലവിൽ കൊവിഡ്‌ ബാധിതരായ 140 പേരാണ്‌ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയ്ക്കാണ്‌ ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്‌. ഫെബ്രുവരി മൂന്നിനായിരുന്നു ഇത്‌. കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ നിന്ന്‌ വിദ്യാർത്ഥി രോഗമുക്തി നേടി വീട്ടിലേക്ക്‌ മടങ്ങി. രണ്ടാം ഘട്ടത്തിൽ മാർച്ച്‌ 14 ന്‌ ദുബായിൽ നിന്നെത്തിയ കളനാട്‌ സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇയാളുടെ ബന്ധുക്കൾക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു. ശനിയാഴ്‌ച രോഗമുക്തരായവരിൽ ഇയാളും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഗർഭിണിയായ യുവതിയും രണ്ടു വയസ്സുകാരനായ മകനും ഉൾപ്പെടുന്നു. ഇവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങി. ഗർഭിണിയായ മറ്റൊരു യുവതി പ്രസവസമയം അടുത്തതിനാൽ ആശുപത്രി വിട്ടിട്ടില്ല. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് പത്തുപേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നു പേരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എട്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് രണ്ടു പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.

വെള്ളിയാഴ്‌ച ജനറൽ ആശുപത്രിയിൽ നിന്ന് ആറും പരിയാരത്തു നിന്ന്‌ ആറും ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നും പേരെ ഡിസ്ചാർജ്ചെയ്തു. ഇവരൊക്കയും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ജില്ലയിൽ രണ്ടാംഘട്ടത്തിൽ 160 പേർക്കാണ്‌ രോഗം ബാധിച്ചത്‌. സമൂഹവ്യാപനം തടയാൻ ജില്ലയിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെ വിന്യസിച്ചു. ഒപ്പം സംസ്ഥാന സർക്കാരിന്റെ കർശനനടപടിയുടെ ഭാഗമായി രോഗബാധിതർ കൂടുതലുള്ള കാസർകോട്‌ നഗരസഭയിലും സമീപത്തെ ആറ്‌ പഞ്ചായത്തുകളിലും ഡബിൾ ലോക്ക്‌ ഡൗൺ നടപ്പാക്കി.

കാസർകോട്‌ ജനറൽ ആശുപത്രി, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി, കാസർകോട്‌ മെഡിക്കൽ കോളേജ്‌ എന്നിവ കൊവിഡ്‌ കേന്ദ്രങ്ങളാക്കി. ജില്ലയിൽ 962 ബെഡുകളും സജ്ജമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള 27 അംഗ മെഡിക്കൽ സംഘം കാസർകോട്‌ മെഡിക്കൽ കോളേജിൽ സേവനത്തിനെത്തിയത്‌ കൂടുതൽ സഹായകമായി. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച്‌ കരുതലോടെ ചെറുത്തുനിൽപ്പിന്‌ നേതൃത്വം നൽകിയത്‌ തിരിച്ചുവരവിന് കാസർകോട് അവസരമൊരുക്കി.