ഭോപ്പാൽ: കൊവിഡ് ബാധിച്ച് ഒരു ഡോക്ടർ കൂടി മരിച്ചു. മദ്ധ്യപ്രദേശിലെ ആയുർവേദ ഡോക്ടറാണ് മരിച്ചത്. കഴിഞ്ഞദിവസം ഇൻഡോറിൽ മറ്റൊരു ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനിടെ കൊൽക്കത്തയിൽ ഒരു മലയാളി നഴ്സിനെ കൊവിഡ് സംശയിച്ച് നിരീക്ഷണത്തിലാക്കി. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നഴ്സ് ഏതുജില്ലക്കാരിയാണെന്ന് വ്യക്തമല്ല.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 896 പുതിയ കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്‌തു. ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. ആകെ മരണം 206 ആയി. രോഗികൾ 6700 കടന്നു.
ഈ മാസം 14 ന് അവസാനിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും ഇന്ന് വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്യും. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് കക്ഷി നേതാക്കളുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.