
ഡബ്ലിൻ : അയർലൻഡിൽ കൊവിഡ് ലോക്ക്ഡൗൺ മേയ് 5 വരെ നീട്ടി. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പ്രധാനമന്ത്രി ലിയോ വരാദ്‌കറാണ് ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം അറിയിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ച് വീടിനു പുറത്ത് കടക്കുന്നവരെ പിടികൂടാനായി പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിരുന്നു. 288 പേരാണ് അയർലൻഡിൽ ഇതേവരെ കൊവിഡ് ബാധിച്ച് മരിച്ചത്. വടക്കൻ അയർലൻഡിൽ മാത്രം 92 പേരാണ് മരിച്ചത്. ഇന്നലെ മാത്രം രാജ്യമൊട്ടാകെ രേഖപ്പെടുത്തിയത് 25 മരണമാണ്. 480 പുതിയ കൊവിഡ് കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രോഗികളുടെ എണ്ണം 7,054 ആയി ഉയർന്നിരിക്കുകയാണ്.
രാജ്യത്ത് ആകെ മരണത്തിന്റെ പകുതിയിലേറെയും നഴ്‌സിംഗ് ഹോമുകളിലാണ്. 156 പേരാണ് വിവിധ നഴ്‌സിംഗ് ഹോമുകളിലായി മരിച്ചത്. വൈറസിന്റെ വ്യാപനം തടയാൻ ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന സഹകരണത്തിന് പ്രധാനമന്ത്രി നന്ദിയറിയിച്ചു. സ്ഥിതിഗതികൾ ശാന്തമായാൽ മേയ് 5 ന് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. മേയ് 5 ന് ശേഷം ഘട്ടം ഘട്ടമായിട്ടാകും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.
അവശ്യസാധനങ്ങൾ വാങ്ങാനും മറ്റും അത്യാവശ്യമുള്ളവർ മാത്രമേ വീടിനു പുറത്തിറങ്ങാൻ പാടുള്ളു. അതും വീടിന് രണ്ടു കിലോമീറ്റർ ചുറ്റളവിനപ്പുറം പോകാൻ പാടില്ല. ഈസ്റ്റർ പ്രമാണിച്ച് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഐറിഷ് പൊലീസ്.