മുംബയ്: കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ച ഐ.പി.എൽ ഉപേക്ഷിക്കുമോ, അതോ വീണ്ടും നീട്ടിവയ്ക്കുമോ ? ഇക്കാര്യത്തിൽ ആശങ്ക തുടരുകയാണ്. എന്നാൽ, ഐ.പി.എൽ ഉപേക്ഷിച്ചാൽ പണികിട്ടുക ബി.സി.സി.ഐയ്ക്കാണ്. കാരണം മറ്റൊന്നുമല്ല. 2000 കോടി നഷ്ടമാകുമെന്നതാണ്. സീസൺ വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചും 2020 ന്റെ അവസാന പകുതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ബി.സി.സി.ഐയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ബി.സി.സി.ഐയ്ക്ക് 2,000 കോടി രൂപയുടെ നഷ്ടമുണ്ടായാൽ അത് നികത്തുന്നതിന്, കളിക്കാരുടെ ശമ്പളം ഒരു പരിധിവരെ വെട്ടിക്കുറയ്‌ക്കേണ്ടിവരും.
റിപ്പോർട്ടുകൾ പ്രകാരം ബി.സി.സി.ഐയുടെ വരുമാനത്തിന്റെ 26 ശതമാനം കളിക്കാർക്കാണ്. 13 ശതമാനം രാജ്യാന്തര താരങ്ങൾക്കും ബാക്കിയുള്ളവ ജൂനിയർ, ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്കുമാണ്. പ്രതിവർഷം ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്കായി 70 കോടിയും രാജ്യാന്തര താരങ്ങൾക്കായി 150 കോടിയും ബി.സി.സി.ഐ അനുവദിക്കുന്നതായാണ് വിവരം. ഐ.പി.എൽ ഉപേക്ഷിച്ചാൽ ബി.സി.സി.ഐയ്ക്ക് കനത്ത നഷ്ടമായിരിക്കും ഉണ്ടാവുക. രാജ്യാന്തര താരങ്ങളുടെ വരുമാനത്തിലും ഇതുമൂലം കുറവുണ്ടാകും.
രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 29 ന് നടക്കേണ്ടിയിരുന്ന ഐ.പി.എൽ ഏപ്രിൽ 15 ലേക്കാണ് മാറ്റിയത്. ഏപ്രിൽ 14 നാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ അവസാനിക്കുക. ഈ സാഹചര്യത്തിൽ ഏപ്രിൽ 15 ന് ഐ.പി.എൽ തുടങ്ങാനാവുമോയെന്നത് സംശയകരമാണ്. അതേസമയം, ടൂർണമെന്റ് റദ്ദാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ബി.സി.സി.ഐ എടുത്തിട്ടില്ല.