thief

കോഴിക്കോട്: പ്രണയം നടിച്ച് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കാൻ യുവാവ് കണ്ടെത്തിയ വഴി മോഷ്ടാവിന്റെ വേഷം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി 'കള്ളൻ'വേഷം കെട്ടിയ യുവാവിനെ പൊലീസ് പിടികൂടി ജയിലിലടച്ചു. കോഴിക്കോട് പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. റിമാൻഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. ഇയാൾ ഒരു മാസത്തോളം മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ 'കള്ളൻ' വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം തന്റെ ബൈക്കിൽ രക്ഷപ്പെട്ട് മറ്റൊരിടത്തും ഇത് ആവർത്തിക്കും.

വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തെരഞ്ഞ് പ്രദേശവാസികൾ മുഴുവൻ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.