ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിൽ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. മുഖാവരണത്തിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ മോദി മുഖാവരണം ധരിച്ചാണ് യോഗത്തില്‍ എത്തിയത്. ഓരോ മുഖ്യമന്ത്രിമാർക്കും മൂന്നുമുതൽ നാലുമിനിറ്റാണ് സംസാരിക്കാൻ സമയം നൽകിയിരിക്കുന്നത്.
"ദിവസവും 24 മണിക്കൂറും താന്‍ ലഭ്യമാണ്. ഏത് മുഖ്യമന്ത്രിക്കും എന്നോട് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം.' -പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ലോക്ക് ഡൗൺ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോർട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ചാവും കേന്ദ്രം തീരുമാനമെടുക്കുക. മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്ക്കുശേഷം കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഉന്നതാധികാര സമിതിയും യോഗം ചേരും.
അതേസമയം രോഗബാധ കുറഞ്ഞ ഇടങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പൊതുഗതാഗത സംവിധാനങ്ങൾ തൽക്കാലം പുനസ്ഥാപിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14 നാണ് അവസാനിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ഡൗൺ കാര്യങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.