അടുത്തിടെ പറമ്പ് അടിച്ചു വാരിയും കൃഷിചെയ്തുമെല്ലാം വീട്ടിലിരിപ്പ് ആഘോഷമാക്കിയ സുരഭി ലക്ഷ്മിയെയാണ് നമ്മൾ കണ്ടത്. എന്നാൽ വീട്ടിൽ മാത്രമല്ല നാട്ടിലും സുരഭി ആക്റ്റീവാണ്. തന്റെ നാട്ടിലെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തകർക്കൊപ്പം വോളന്റിയറായി സുരഭിയും എത്തി. കോഴിക്കോട് നരിക്കുനി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായാണ് സുരഭി എത്തിയത്. കമ്യൂണിറ്റി കിച്ചണിലെ വോളന്റിയറായി ഇല തുടയ്ക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്യുന്ന സുരഭിയുടെ വിഡിയോയും പുറത്തുവന്നു. എല്ലാ ജോലിയും കഴിഞ്ഞ് അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് സുരഭി വീട്ടിലേക്ക് മടങ്ങിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായവർക്ക് സഹായമാവാനാണ് സംസ്ഥാന സർക്കാർ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വോളന്റിയറാവാൻ നിരവധി യുവാക്കളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.