mahi

മാഹി: ഒരു പഞ്ചായത്തിന്റെ വലിപ്പം മാത്രമുള്ള മാഹിയിൽ മരണം റിപ്പോർട്ട് ചെയ്തതോടെ ജനം പരിഭ്രാന്തിയിലാണ്. ചെറുകല്ലായിലെ മഹ്റൂഫിന്റെ മരണത്തിന് കാരണമായ കൊവിഡ് 19 എങ്ങനെ വന്നെന്ന് കണ്ടെത്താനാകാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. രോഗം ബാധിച്ചതിനിടെ ഇദ്ദേഹം പലരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതാണ് ആശങ്കയാകുന്നത്.

ഒരു വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പതിനൊന്ന് പേരോടൊപ്പം ടെമ്പോട്രാവലറിൽ സഞ്ചരിച്ചിരുന്നു. മാഹി പാലത്ത് നിന്നും വണ്ടിയിൽ കയറ്റാൻ മരുമകനാണ് സ്കൂട്ടറിൽ എത്തിച്ചത്. മത ചടങ്ങിലും പങ്കെടുത്തിരുന്നു. ഹൈപ്പർ ടെൻഷൻ അടക്കമുള്ള ആരോഗ്യ പ്രശ്നവും ഇദ്ദേഹത്തെ മരണത്തിലേക്ക് എത്തിച്ചെന്നാണ് നിഗമനം.

പന്ന്യന്നൂർ, ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളിലും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. മാഹി മേഖലയിൽ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രണ്ടാമത്തെ ആളാണ് ചെറുകല്ലായിലെ മഹ്റൂഫ്. ഇദ്ദേഹത്തെ വീടും കേരളവും തമ്മിൽ അമ്പത് മീറ്റർ അകലം മാത്രമാണ്. ഇവിടെ എം.എം ഹൈസ്‌കൂളിനടുത്തെ പള്ളിയിലാണ് പതിവ് നിസ്‌കാരത്തിന് പോകാറുള്ളത്. മയ്യഴിക്ക് ചുറ്റുമുള്ള കേരളത്തിലെ പഞ്ചായത്തുകളായ ചൊക്ലി, പന്ന്യന്നൂർ, ന്യൂ മാഹി എന്നിവിടങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

ഇദ്ദേഹവുമായി അടുത്തിടപഴകിയ 28 പേരുടെ സ്രവം പരിശോധിച്ചപ്പോൾ എല്ലാം നെഗറ്റീവായിരുന്നു. രോഗം എങ്ങനെയാണ് മഹ്റൂഫിനെ പിടികൂടിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇയാളുടെ വീട്ടിൽ എട്ട് പേരാണുള്ളത്. മരുമകൻ വളരെ അടുത്ത് പെരുമാറിയിരുന്നു. എന്നാൽ പരിശോധനയിൽ ഇയാൾക്ക് നെഗറ്റീവാണ്. മഹ്റൂഫിന്റെ സന്ദർശന വഴികൾ മുഴുവൻ പരിശോധിച്ചിട്ടുണ്ട്. രോഗബാധിതനായ ശേഷം ഇദ്ദേഹം പങ്കെടുത്ത ചമ്പാട്ടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തവരും ടെമ്പോ ട്രാവലറിൽ ഇയാൾക്കൊപ്പം സഞ്ചരിച്ചവരുമെല്ലാം നിരീക്ഷണത്തിലാണ്.

തലശ്ശേരി ടെലി ആശിപത്രിയിലും കണ്ണൂർ ആസ്റ്റർ മിംസിലും ഇദ്ദേഹവുമായി ബന്ധപ്പെട്ട ഡോക്ടർമാർ, നഴ്‌സുമാർ ,ജീവനക്കാർ എന്നിവരുമെല്ലാം നിരീക്ഷണത്തിലാണുള്ളത്. പുതുച്ചേരി സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടത് ഉംറ കഴിഞ്ഞെത്തിയ 66 കാരിക്കായിരുന്നു. മാഹി ഗവ. ആശുപത്രിയിലെ ചികിത്സയെത്തുടർന്ന് അവർ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ഞൂറോളം പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇത് അറുപതായി ചുരുങ്ങിയിരുന്നു. കൊവിഡ് ബാധിച്ച ഇരുവരുടേയും വീടുകൾ ഒന്നര കിലോമീറ്റർ വ്യത്യാസത്തിലാണ്. വൃക്ക, ഹൃദയം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ മഹ്റൂഫിനെ അലട്ടിയിരുന്നു.