vegitables

കൊല്ലം: നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിജിലൻസിലേക്ക് ഉപഭോക്താക്കളുടെ പരാതി പ്രവാഹം. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കൊല്ലം കൂട്ടിക്കട, മയ്യനാട്, പുത്തൂർ, പട്ടാഴി എന്നിവിടങ്ങളിലെ 18 വ്യാപാര കേന്ദ്രങ്ങളിൽ വിജിലൻസ് ഡിവൈ.എസ്.പി കെ.അശോക കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവരിൽ അമിതവില ഈടാക്കിയ 14 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌തു.

കൊല്ലത്തെ സാഹചര്യവും സാധനങ്ങളുടെ ലഭ്യതയും വിലയിരുത്തി ഇന്നലെ ചെറിയ ഉള്ളിക്ക് നിശ്ചയിച്ച വില 64 രൂപയാണ്. എന്നാൽ ഇന്നലെ പുത്തൂരിലെ ഒരു സ്ഥാപനം അര കിലോ ചെറിയ ഉള്ളി വിറ്റത് 50 രൂപയ്ക്കാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചു. സ്ഥാപനത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വിലവിവര പട്ടികയിൽ ചെറിയ ഉള്ളിക്ക് 70 രൂപ രേഖപ്പെടുത്തുന്ന സ്ഥാപനങ്ങൾ ഉപഭോക്താവ് എത്തുമ്പോൾ 90 മുതൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്. ചെറുപയർ-160, വൻ പയർ- 128, ഉഴുന്ന്- 134, ഉരുളക്കിഴങ്ങ്- 60 രൂപ നിരക്കിലാണ് ജില്ലയിലെ ചില വ്യാപാര കേന്ദ്രങ്ങൾ ഇന്നലെയും വില ഈടാക്കിയത്.

വിജിലൻസിനെ അറിയിക്കാം

'അമിത വില സംബന്ധിച്ച പരാതികൾ വിജിലൻസിനെ അറിയിക്കാം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളുണ്ടാകും പരാതിക്കാരുടെ പേരും വിശദാശംങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കും."

കെ.അശോക കുമാർ

ഡിവൈ.എസ്.പി, വിജിലൻസ് കൊല്ലം യൂണിറ്റ്

...........................

വിജിലൻസ് കൊല്ലം യൂണിറ്റ് ഫോൺ : 0474 279 5092