തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു നൽകുന്നത് വൈകും. ഇതുസംബന്ധിച്ച് ഒാർഡിനൻസിൽ ഭേദഗതിവേണമെന്ന് ഡി.ജി.പി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ പിഴയീടാക്കി വിട്ടുനൽകുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ചില നിയമ പ്രശ്നങ്ങൾ ഉള്ളതുമൂലമാണ് വാഹനങ്ങൾ വിട്ടുനൽകാൻ വൈകുന്നത്.
പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസ് പ്രകാരമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. എന്നാൽ ഇൗ ഒാർഡിനൻസ് പ്രകാരം വാഹനം പിടിച്ചെടുക്കാൻ അധികാരമില്ലെന്നും വാഹന ഉടമയ്ക്കെതിരെ കേസെടുക്കാൻ മാത്രമേ അധികാരമുള്ളൂ എന്നുമാണ് നിയമോപദേശം. ഇതു പരിഹരിക്കാനാണ് ഒാർഡിനൻസിൽ ഭേദഗതിവേണമെന്ന് ശുപാർശ നൽകിയത്. അതേസമയം ചില ഉപാധികളോടെ വാഹനങ്ങൾ വിട്ടുനൽകാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനായി വാഹന ഉടമയിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങും. തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അധികൃതർ പറയുന്നത്.
സംസ്ഥാനത്താകെ ഇരുപത്തിമൂവായിരത്തിലധികം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങൾ സൂക്ഷിക്കുന്നത് തലവേദനയായതോടെയാണ് ഇവ വിട്ടുനൽകാൻ തീരുമാനിച്ചത്.