കൊല്ലം: കഴിഞ്ഞ മൂന്ന് മാസമായി പഞ്ചായത്തുകളിൽ പണികൾ നടത്തിവന്ന കരാറുകാരുൾപ്പെടെയുള്ളവർ ട്രഷറിയിൽ സമർപ്പിച്ചിട്ടുള്ള ബില്ലുകളുടെ പണം കിട്ടാത്തതിനാൽ ബുദ്ധിമുട്ടുന്നു. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതുമൂലം പണികൾ പാതിവഴിയിലാണ്. പണി പൂർത്തിയാക്കി ബില്ല് സമർപ്പിക്കുന്നതിന് ജൂൺ 30വരെ സമയംനീട്ടിത്തരണമെന്ന് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.വി. അജിത് പ്രസാദ് ജയൻ ആവശ്യപ്പെട്ടു.
കരാറുകാരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നല്കും. ഏപ്രിൽ 18ന് മുമ്പ് പണികൾ തീർക്കണമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ അതിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഭാരവാഹികളായ അജിത് പ്രസാദ് ജയൻ, ബദറുദ്ദീൻ, കാര്യനാസർ, റോയി ജി. ജോർജ്ജ്, സത്യരാജൻ അഞ്ചൽ എന്നിവർ പറഞ്ഞു.