തിരുവനന്തപുരം: കൊവിഡ് ഭീതിയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും തുടരുന്നതിനിടെ വിഷുക്കണിയൊരുക്കാൻ കണിവെള്ളരി കിട്ടിയില്ലെന്ന് ആരും വിഷമിക്കേണ്ട. ആവശ്യക്കാർക്ക് വീട്ടുപടിക്കൽ കണിവെള്ളരിയെത്തിക്കാൻ ഹോർട്ടികോർപ്പ് റെഡി.
കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികളും പഴവർഗങ്ങളും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ ഹോർട്ടികോർപ്പിനെ സഹായിക്കുന്ന എ.എം നീഡ്സെന്ന ഓൺലൈൻ ഡോർ ടു ഡോർ മാർക്കറ്റിംഗ് കമ്പനിയുടെ സഹായത്തോടെയാണ് വിഷുക്കണിയൊരുക്കാനുള്ള കണിവെള്ളരിയും ഓൺലൈൻ വഴി വിതരണം ചെയ്യുന്നത്.
തിരുവനന്തപുരത്തും കണ്ണൂരും ഓൺലൈൻ വിതരണം തുടങ്ങി. അടുത്ത ദിവസം കൊച്ചിയിലും തൃശൂരും ആരംഭിക്കും. മറ്റു ജില്ലകളിൽ ഓൺലൈൻ വിപണി ആരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവ് പറഞ്ഞു.
വിതരണത്തിന് പ്രത്യേക ചാർജൊന്നും ഈടാക്കില്ല. ഹോർട്ടി കോർപ്പിലെ അതേ വിലയ്ക്ക് കണിവെള്ളരിയും പഴവും വിഷുസദ്യയ്ക്കുള്ള പച്ചക്കറികളും ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ലഭ്യമാകും.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും ഹോർട്ടികോർപ്പും തയാറാക്കുന്ന കട്ട് വെജിറ്റബിൾ നിലവിൽ തിരുവനന്തപുരത്ത് ഓൺലൈൻ വഴി ഇതേ കമ്പനി വിതരണം ചെയ്യുന്നുണ്ട്. ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളുടെ പ്ളേ സ്റ്റോറിൽ നിന്ന് എ.എം നീഡ്സിന്റെ ഓൺലൈൻ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആവശ്യക്കാർക്ക് ഇതുവഴി സാധനങ്ങൾ ഓർഡർ ചെയ്യാം.
വെള്ളരിയുടെ വിളവെടുപ്പ് കൂടിയതാണ് ഓൺലൈൻ വിപണിയിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. 40 ടൺ ഇപ്പോൾ തന്നെ സംഭരിച്ചു കഴിഞ്ഞു. വിഷുക്കണിക്കായി മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിപണി ലക്ഷ്യമാക്കിയാണ് ഉത്പാദനം കൂട്ടിയത്. മലബാർ മേഖലയിലാണ് കൂടുതലും. ലോക്ക് ഡൗൺ വന്നതോടെ മറുനാട്ടിലേക്കുള്ള വിപണനം മുടങ്ങി. ഓൺലൈൻ വിപണിക്ക് പുറമെ കൃഷി വകുപ്പിന്റെ വിഷു വിപണികളിലും കണിവെള്ളരി വിൽക്കും. ഒരു മാസം വരെ വെള്ളരി കേടാകാതെ ഇരിക്കുമെന്നതാണ് ആശ്വാസം.