-covid

സിംഗപ്പൂർ :കൊവിഡിനെ തുടക്കത്തിൽ തളച്ച് ലോകത്തിന്റെ ശ്രദ്ധനേടിയ സിംഗപ്പൂരിൽ വീണ്ടും വൈറസ് തലപൊക്കി. വെള്ളിയാഴ്ച 198 പേരിലാണ് പുതിയ കൊവിഡ് കണ്ടെത്തിയത്. ഒരു മരണവും സംഭവിച്ചു. പോയ കൊവിഡ് അതീവശക്തിയോടെ തിരിച്ചുവരുന്നതിന്റെ തെളിവായാണ് ഇതിനെ കാണുന്നത്. ചിട്ടയായ പ്രവർത്തനത്തിലൂടെയായിരുന്നു കൊവിഡിനെ ആദ്യം സിംഗപ്പൂർ തുരത്തിയത്.

ചൈനയിൽ പ്രത്യക്ഷപ്പെട്ട കൊവിഡ് പിന്നെ പിടിച്ചത് സിംഗപ്പൂരിനെയായിരുന്നു. തളരാതെ ആരോഗ്യമേഖല ഉണർന്ന് പ്രവർത്തിച്ചപ്പോൾ കൊവിഡ് തോറ്റ് ചിറകറ്റ് വീണു. ചുരുങ്ങിയ കാലം കൊണ്ട് കൊവിഡ് മുക്ത സംഗപ്പൂരായി മാറിയതിനെ ലോകരാഷ്ട്രങ്ങൾ അഭിനന്ദിച്ചതാണ്. കൊവിഡിന്റെ രണ്ടാംവരവിനെയും എത്രയും വേഗം പിടിച്ച് കെട്ടുമെന്ന ആത്മവിശ്വാസവുമായിട്ടാണ് സിംഗപ്പൂർ മുന്നോട്ട് പോകുന്നത്.

സിംഗപ്പൂരിൽ രോഗപ്പകർച്ച ഈ മാസം ആദ്യം അതിവേഗമാണുണ്ടായിരിക്കുന്നത്. ഇതോടെ വീണ്ടും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ രാജ്യം നിർബന്ധിതമായി. ടെസ്റ്റിംഗിലും കോൺട്രാക്ട് ട്രേസിംഗിലും മറ്റ് രാജ്യങ്ങൾക്ക് പിന്തുടരാവുന്ന രീതികളായിരുന്നു സിംഗപ്പൂർ പ്രയോഗിച്ച് വിജയിച്ചത്. രോഗത്തിന്റെ രണ്ടാംവരവിൽ സിംഗപ്പൂർ കടുത്ത ആശങ്കയിലാണ്. കാരണം ലോകം മുഴുവൻ കൊവിഡിൽ നിറഞ്ഞു നിൽക്കുകയാണ്. സിംഗപ്പൂരിൽ ആദ്യം പിടിപെട്ടപ്പോൾ ലോകത്ത് ഇങ്ങനെ വ്യാപകമായി പരന്നിരുന്നില്ല. മാത്രവുമല്ല, പോയ കൊവിഡ് തിരിച്ചുവരുമ്പോൾ വൈറസ് പൂർണ്ണമായും സിംഗപ്പൂരിൽ നിന്ന് മാറിയിട്ടില്ലെന്ന് അർത്ഥം.