കൊല്ലം: കൊവിഡ് 19നെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ കരുനാഗപ്പള്ളിയിൽ കഞ്ചാവ് വില്പന വ്യാപകമാകുന്നു. മൊബൈൽ ഫോണിൽ ബന്ധപ്പെട്ടാൽ സാധനം പറയുന്ന സ്ഥലത്ത് എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് ചെറുകിട ക‌ഞ്ചാവ് വില്പനക്കാർ. ഫോൺ വിളിക്കുമ്പോൾ രഹസ്യ കോഡ് ആദ്യം പറയണം. എങ്കിൽ മാത്രമേ സംസാരം തുടരാൻ കഴിയൂ. സിഗരറ്രിന്റെ ചുക്ക കളഞ്ഞ് ഇതിനുള്ളിൽ കഞ്ചാവ് നിറച്ചാണ് നൽകുന്നത്. ജനവാസ യോഗ്യമല്ലാത്ത സ്ഥലങ്ങളാണ് വില്പനയ്ക്കായി തിരഞ്ഞെടുക്കുന്നത്. യുവാക്കളും വിദ്യാ‌ർത്ഥികളുമാണ് കഞ്ചാവ് വാങ്ങാൻ എത്തുന്നവരിൽ ഏറെയും.