വിജയവാഡ: പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും അധികൃതർ അൽപം ആശ്വാസത്തിലാണ്. നിരീക്ഷണത്തിലുള്ള മിക്ക രോഗികളും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും കാര്യങ്ങൾക്ക് പുരോഗതിയുണ്ടെന്നും ആരോഗ്യ വിഭാഗം പറയുന്നു.
16 പുതിയ കേസുകൾ തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മൊത്തം എണ്ണം 487 ആയി. ആന്ധ്രയിൽ സമാനമായി 18 പുതിയ പോസിറ്റീവ് കേസുകളാണുള്ളത്. ഇതോടെ കൊവിഡ് ബാധിതർ സംസ്ഥാനത്ത് 381 ആയി ഉയർന്നു. ഇതുവരെ 12 പേർ മരിച്ചു. അധികാരികളുടെ നിരീക്ഷണത്തിനു കീഴിലുള്ള ഹോട്ട് സോണുകളുടെ എണ്ണം സംസ്ഥാനത്തൊട്ടാകെ 101 ആണ്, നിസാമാബാദിൽ 49, രംഗറെഡ്ഡി 27, വാറങ്കൽ അർബൻ 23, മെഡ്ചൽ 21 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ക്ഷേത്രനഗരമായ വെമുലവാഡയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തതോടെ പ്രദേശം മുഴുവൻ റെഡ് സോണായി പ്രഖ്യാപിച്ചു.അഞ്ച് പുതിയ കേസുകൾ ഹൈദരാബാദിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇവയെല്ലാം നിസാമുദ്ദിനിൽ നിന്ന് മടങ്ങിയെത്തിയ ആളിൽ നിന്ന് പടർന്നതാണ്.
ആന്ധ്രാപ്രദേശിൽ ഇതുവരെ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടാതെ സുഖപ്പെട്ട 10 പേരെ ഡിസ്ചാർജ് ചെയ്തു. വെള്ളിയാഴ്ച രജിസ്റ്റർ ചെയ്ത 18 പുതിയ കോവിഡ് -19 കേസുകളിൽ ഗുണ്ടൂർ ജില്ലയിൽ 7, ഈസ്റ്റ് ഗോദാവരി 5, കർണൂൽ, അനന്തപുർ, പ്രകാശം ജില്ലകളിൽ 2 വീതമാണ്. വെള്ളിയാഴ്ച വരെ 365 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ആന്ധ്രയിൽ 77 പോസിറ്റീവ് കേസുകളുള്ള കർണൂൽ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ സംസ്ഥാനത്തെ 133 ക്ലസ്റ്ററുകളിൽ ആളുകളെ നിരീക്ഷിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. കൊവിഡ് ലക്ഷണങ്ങളുള്ള ആളുകളെ തിരിച്ചറിയാൻ ആരോഗ്യ പ്രവർത്തകർ എല്ലാ വീടുകളും സന്ദർശിക്കുന്നുണ്ട്. ഇവിടങ്ങളിലെ താമസക്കാർക്ക് പുറത്തുകടക്കാൻ അനുവാദമില്ല, അവശ്യവസ്തുക്കളിൽ ഭൂരിഭാഗവും സന്നദ്ധപ്രവർത്തകർ വാതിൽപടിയിൽ എത്തിച്ചു നൽകുകയാണ്