stone

പത്തനംതിട്ട: തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സി.പി. എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൂന്ന് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പെൺകുട്ടി നിരാഹാരസമരം തുടങ്ങി. അമ്മയുടെ മൊഴി മാറ്റിയ പൊലീസുകാര‍നെതിരെ നടപടി വേണമെന്നും യഥാർത്ഥ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം തുടങ്ങിയത്.


കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ചിലർ പെൺകുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു. തുടർന്ന് അപമാനിക്കുന്ന തരത്തിലും അച്ഛനെ അപായപ്പെടുത്തണമെന്നുള്ള വിധത്തിലും സമൂഹമാദ്ധ്യമത്തിൽ പോസ്റ്റും ശബ്ദ സന്ദേശവും ഇട്ടത് സഹിതം പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആക്രമണമുണ്ടായത്. കല്ലേറിൽ വീടിന്റെ ജനാല ചില്ല് തകർന്നു.

സംഭവത്തിൽ ഉൾപ്പെട്ടവരെ സി.പി. എം സസ്പെന്റ് ചെയ്തിട്ടുണ്ട്. എന്നാൽ പൊലീസ് പക്ഷപാതം കാണിക്കുന്നു എന്നും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നുമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.എന്നാൽ മൊഴി രേഖപ്പെടുത്തിയതിൽ അപാകതയില്ലെന്നാണ് പൊലീസ് പറയുന്നത്.