1. ദേശീയ ലോക്ക് ഡൗണ്‍ തുടരാന്‍ സാധ്യത എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യ പെട്ടിരിക്കുന്നത്. രോഗബാധ കുറഞ്ഞ ഇടങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കും. ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തല്‍ക്കാലം തുടങ്ങാനാവില്ല എന്നാണ് വിലയിരുത്തല്‍. ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നിര്‍ണ്ണായക ചര്‍ച്ച നടക്കുക ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരും ആയി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആണ് ചര്‍ച്ച നടത്തുന്നത്. ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ച് ആകും തുടര്‍ നടപടി എന്ന നിലപാടാകും പ്രധാന മന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.
2. ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുതാകും തീരുമാനം. മുഖ്യമന്ത്രി മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരുടെ ഉന്നതാധികാര സമിതിയും യോഗവും ഇന്ന് ചേരും. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനോട് കേരളത്തിന് യോജിപ്പില്ല. ഘട്ടം ഘട്ടമായി ഇളവുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുവാദം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്താകും കേരളം ഇളവില്‍ അന്തിമ തീരുമാനം എടുക്കുക. വിദേശത്ത് കുടുങ്ങിയ മലയാളികളുടെ പ്രശ്നവും മുഖ്യമന്ത്രി ഉന്നയിക്കും
3. അതിനിടെ, രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗ ബാധിതരായി മരിച്ചെന്ന ആശങ്ക പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗം ഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
4. സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ചികില്‍സയിലുള്ള മാഹി ചെറുകല്ലായി മെഹ്റൂഫ് മരിച്ചു. പരിയാരം മെഡി. കോളജില്‍ ചികില്‍സയിലായില്‍ ആയിരുന്നു. ഇന്ന് രാവിലെ 7.30 നായിരുന്നു മരണം. രോഗം പകര്‍ന്നത് എവിടെനിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 21 വരെ മത ചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. എം.എം ഹൈസ്‌കൂള്‍ പള്ളിയിലാണ് മത ചടങ്ങുകള്‍ 18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. എംഎം ഹൈസ്‌കൂള്‍ പള്ളിയിലും എരൂര്‍ പള്ളിയിലും എത്തി. എന്നാല്‍ വിദേശാത്ര ചെയ്തിട്ടില്ല
5. ശ്വാസകോശ, വൃക്ക രോഗങ്ങള്‍ക്കും രക്ത സമ്മര്‍ദത്തിനും ചികില്‍സയില്‍ ആയിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ചികില്‍സ. ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. മരിച്ച മാഹി സ്വദേശിക്ക് കേരളത്തില്‍ സമ്പര്‍ക്കം ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമ്പര്‍ക്കത്തിലൂടെ ആണ് രോഗം പകര്‍ന്നത്. രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണ്. പരമാവധി സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു
6.കൊറോണ വൈറസ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രമുഖ രാജ്യാന്തര മാദ്ധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. കൊവിഡിനെതിരെ കേരളാ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോര്‍ട്ടില്‍ വിശദമായി വിലയിരുത്തുന്നു. രോഗവ്യാപനം തടയാനുള്ള നടപടികള്‍, കൊവിഡ് സംശയമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി. സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതു ജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കിയതും സൗജന്യഭക്ഷണം വിതരണം ചെയ്യുന്നതും അടക്കമുള്ള വിവരങ്ങള്‍ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടാനും കേരളത്തിന് സാധിച്ചെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
7. കൊവിഡ് രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാം എന്ന പ്രഖ്യാപനവുമായി യു.എ.ഇ. എമിേററ്റ്സ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവാഗ്ദാനം. അതേസമയം, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എം.സി.സിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്. കോവിഡ് മൂലമുള്ള ദുരിതാവസ്ഥയും യാത്രാനിയന്ത്രണം തുടര്‍ന്നാല്‍ പ്രവാസികളുടെ തിരിച്ചുവരവ് വൈകുമെന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി