police

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികൂടി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾക്ക് തൽക്കാലം പിഴയില്ല. ആവശ്യപ്പെടുമ്പോൾ വാഹനം തിരികെ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ ക്രമത്തിൽ തിങ്കളാഴ്ച മുതൽ ഇവ ഉടമസ്ഥർക്ക് വിട്ടുകൊടുക്കും. വാഹനങ്ങൾ തിരികെ എടുക്കാൻ വരുന്നവരുടെ തിക്കും തിരക്കും ഒഴിവാക്കാനാണ് പൊലീസ് കസ്റ്റഡിയിലായ ദിവസത്തിന്റെ മുൻഗണനപ്രകാരം വാഹനങ്ങൾ വിട്ടുകൊടുക്കുക.

ഇതനുസരിച്ച് ലോക്ക് ഡൗണിന്റെ ആദ്യദിവസം പിടിക്കപ്പെട്ടവർക്കാണ് ആദ്യദിവസമായ തിങ്കളാഴ്ച വാഹനങ്ങൾ വിട്ടു കിട്ടുക.

ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് 23 മുതൽ 23,000 ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ പരിസരം വാഹനങ്ങൾ കൊണ്ട് നിറയുകയും ഇവ കൂടി കിടന്ന് നശിക്കുന്നത് തടയുന്നതിന്റെയും ഭാഗമായി വാഹനങ്ങൾ പിഴ ഈടാക്കി വിട്ടുകൊടുക്കാനായിരുന്നു മുഖ്യമന്ത്രി ഡി.ജി.പിയോട് നിർദേശിച്ചത്.

ഇതനുസരിച്ച് വാഹനങ്ങൾ പിഴചുമത്തി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നിയമോപദേശവും തേടിയിരുന്നു. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങളെന്ന പേരിലാണ് ഇവ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, പകർച്ച വ്യാധി പ്രതിരോധ ഓർഡിനൻസിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശിച്ചിട്ടില്ല.

ഇതുകാരണം തൽക്കാലം ഈ വാഹനങ്ങൾക്ക് പിഴ ചുമത്താനാകില്ല. അല്ലെങ്കിൽ കൊവി‌ഡ് പോലുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാൻ ഓ‌ർഡിനൻസിൽ ഭേദഗതി കൊണ്ടുവരണം. ഇക്കാര്യത്തിൽ തൽക്കാലം ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പിടികൂടിയ വാഹനങ്ങൾക്കെതിരെ ഭാവിയിൽ നടപടികൾ ആവശ്യമായി വന്നാൽ തിരികെ ഹാജരാക്കണമെന്ന സത്യവാങ്ങ്മൂലം ഉടമകളിൽ നിന്നെഴുതി വാങ്ങി വിട്ടുകൊടുക്കാൻ പൊലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്.