സോൾ: ചൈനയ്ക്ക് പുറത്ത് ആദ്യമായി ഏറ്റവും വലിയ കൊവിഡ് വൈറസ് പ്രഭവകേന്ദ്രമായി മാറിയ സൗത്ത് കൊറിയൻ നഗരവും ആശ്വാസത്തീരത്തേക്ക്. കഴിഞ്ഞ ഫെബ്രുവരി മുതൽ കൊവിഡ് നാശം വിതച്ചുകൊണ്ടിരുന്ന ദേഗു നഗരത്തിൽ കഴിഞ്ഞ ദിവസം ഒരൊറ്റ കൊവിഡ് കേസ് പോലും രേഖപ്പെടുത്തിയില്ല.
ദേഗുവിൽ ആദ്യമായാണ് കൊവിഡ് കേസുകളില്ലാത്ത ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ആകെ 10,450 കൊവിഡ് വൈറസ് കേസുകളാണ് സൗത്ത് കൊറിയയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ പകുതിയലധികം കണ്ടെത്തിയത് ദേഗുവിൽ മാത്രമാണ്. 6,807 പേർക്കാണ് ദേഗുവിൽ കൊവിഡ് ബാധിച്ചത്. ഫെബ്രുവരി മുതൽ ദിനംപ്രതി 900ത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത് കൊണ്ടിരുന്ന സൗത്ത് കൊറിയയിൽ വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത് വെറും 27 കേസുകളാണ്. 208 പേരാണ് സൗത്ത് കൊറിയയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേ സമയം, 7,117 പേർക്ക് ഇതേവരെ രോഗം ഭേദമായി. ഫെബ്രുവരി 18ന് 31കാരിയ്ക്കാണ് ദേഗുവിൽ ആദ്യമായി കൊവിഡ് വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്നാഴ്‌ചയായി ശക്തമായ നിയന്ത്രണങ്ങളാണ് സൗത്ത് കൊറിയയിൽ നടത്തി വരുന്നത്. ദേഗുവിലെ ഒരു ചർച്ചിൽ നിന്നുമാണ് കൊവിഡ് വ്യാപിച്ചത്. അതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇടമായി ദേഗു മാറുകയായിരുന്നു. സൗത്ത് കൊറിയയിൽ രോഗം നിർണയിക്കാൻ വ്യാപകമായി ടെസ്‌റ്റുകൾ നടത്തിയതിലൂടെയാണ് വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞത്. കടുത്ത നിയന്ത്രണങ്ങളിലൂടെ ആളുകളിൽ സാമൂഹ്യ അകലം കർശനമാക്കാനും കഴിഞ്ഞു.
അതേസമയം, പുതിയ കേസുകൾ കുറഞ്ഞെങ്കിലും ദേഗുവിൽ ഇപ്പോഴും ഭയത്തിന്റെ കരിനിഴലുണ്ട്. ഈ ആഴ്‌ച ആദ്യം ദേഗുവിൽ രോഗമുക്തരായ 51 പേർക്ക് വീണ്ടും വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നു. ഇതോടെ മനുഷ്യശരീരത്തിൽ നിഷ്ക്രിയമായി മാറുന്ന കൊവിഡ് വൈറസ് വീണ്ടും തിരിച്ചുവരാമെന്ന പേടി ദേഗുവിനെ മാത്രമല്ല ലോകത്തെ ഒട്ടാകെ ആശങ്കയിലാഴ്ത്തുന്നു.
രോഗമുക്തരായവരിൽ വൈറസ് വീണ്ടും സജീവമാകാനിടയുള്ളതായി കൊറിയൻ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥിരീകരിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത അളവിൽ വൈറസുകൾ മനുഷ്യകോശങ്ങളിൽ നിർജീവമായി തുടരാൻ സാദ്ധ്യതയുണ്ട്. അജ്ഞാത കാരണങ്ങളാൽ വൈറസ് ഘടകങ്ങൾ വീണ്ടും സജീവമാകാൻ സാദ്ധ്യതയുണ്ടെങ്കിലും രോഗികളിൽ വീണ്ടും പകർച്ചവ്യാധി ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
അതേസമയം, വീണ്ടും സജീവമാകുന്ന വൈറസ് പകർച്ചവ്യാധിയ്ക്ക് കാരണമായേക്കില്ലെന്ന് വിദഗ്‌ദർ പറയുന്നു. രോഗം ഭേദമായവരിൽ വീണ്ടും പോസിറ്റീവ് കാണിക്കുന്നുണ്ടെങ്കിൽ നടത്തിയ ടെസ്‌റ്റുകളിൽ വന്ന പിഴവിനെയും തള്ളിക്കളയാനാകില്ല. സാധാരണ കൊവിഡ് ടെസ്‌റ്റിൽ 20 മുതൽ 30 ശതമാനം വരെ തെറ്റായ ഫലം ലഭിക്കാനും സാദ്ധ്യതയുള്ളതായി വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു. ദേഗുവിൽ ഭേദമായെന്ന് പറയപ്പെടുന്ന 51 പേരുടെയും ഫലം നെഗറ്റീവായി വന്നത് ഒരു പക്ഷേ തെറ്റ് പറ്റിയതാകാമെന്നും അവരിൽ നിന്നും പൂർണമായും വൈറസ് സാന്നിദ്ധ്യം തുടച്ചു നീക്കപ്പെടാത്തതാണെന്നും അഭിപ്രായമുണ്ട്. കൊറിയൻ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിയോഗിച്ച പ്രത്യേക ടീം ദേഗുവിലെ ഈ സംഭവത്തെ പറ്റി അന്വേഷണം നടത്തും.