am

ന്യൂഡൽഹി: പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷാ സംവിധാനങ്ങൾ ബി.എസ്.എഫിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. അതിർത്തിയിലെ സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അയൽരാജ്യങ്ങളുമായി തുറന്ന അതിർത്തിയുളള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനങ്ങൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അതിർത്തിയോട് ചേർന്ന മേഖലകളിലെ കർഷകർക്ക് കൊവിഡിനെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും ബോധവത്കരണം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. അതിനായി ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കണം. അതിർത്തി ഭേദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിക്കണമെന്നും അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ജി.കിഷൻ റെഡ്ഢി, നിത്യാനന്ദ റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, അതിർത്തി കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി, അതിർത്തി സംരക്ഷണ സേന ഡയറക്ടർ ജനറൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.