കോട്ടയം: ജില്ലയിൽ കൊവിഡ് 19 വിട്ടൊഴിഞ്ഞുവെന്ന ചിന്തയിൽ ഇന്ന് രാവിലെ കോട്ടയം മത്സ്യ മാർക്കറ്റിലും സസ്യമാർക്കറ്റിലും ജനം ഒഴുകിയെത്തി. വിവരം അറിഞ്ഞെത്തിയ പൊലീസ് മാർക്കറ്റിലുണ്ടായിരുന്നവരെ അത്യാവശ്യ സാധനങ്ങൾ ക്യൂവിൽ നിന്ന് വാങ്ങാൻ സംവിധാനം ഏർപ്പെടുത്തി. വീണ്ടും കൂടുതൽ ആളുകൾ കാറുകളിലും ബൈക്കുകളിലും എത്തിയതോടെ മാർക്കറ്റിലേക്കുള്ള പ്രധാന കവാടങ്ങളിൽ പൊലീസ് കാവൽ നിന്ന് ആളുകളെ തിരികെ പറഞ്ഞുവിട്ടു. ഉച്ചയായിട്ടും ആളുകളുടെ വരവ് തുടർന്നതോടെ താക്കീത് ചെയ്താണ് ആളുകളെ തിരിച്ചയച്ചത്.

കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺന്റെ നേതൃത്വത്തിലുള്ള പൊലീസ് മാർക്കറ്റിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്ററിന് ഭക്ഷണത്തിനായാണ് പോവുന്നതെന്നാണ് ബൈക്കിലെത്തിയവരും മറ്റും പറഞ്ഞിരുന്നത്. കൂടുതൽ വാഹനങ്ങൾ എത്തിയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഈസ്റ്റർ മുന്നിൽ കണ്ട് തമിഴ്നാട്ടിൽ നിന്ന് ഇന്നലെ കൂടുതൽ പച്ചക്കറി ലോറികൾ എത്തിയിരുന്നു. എന്നാൽ മത്സ്യം കൂടുതലായി എത്തിയിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ പഴകിയ മത്സ്യം പിടികൂടിയതോടെയാണ് മത്സ്യത്തിന്റെ വരവ് കുറഞ്ഞത്. എന്നാൽ ആറ്റുമീൻ കൂടുതലായി എത്തിയിരുന്നു.