beef-

കോട്ടയം: ഈസ്റ്റർ വിഭങ്ങളൊരുക്കാൻ ആവശ്യത്തിന് ബീഫ് കിട്ടാതെ ജനം പരക്കംപായുന്നു. കോട്ടയത്ത് പത്തും പന്ത്രണ്ടും പോത്തുകളെ വെട്ടിയിരുന്ന പല കടക്കാരും ഇന്ന് രാവിലെ വെട്ടിയത് ഒന്നോ രണ്ടോ പോത്തുകളെ മാത്രം. ഇതോടെ ഇറച്ചിക്കടകളുടെ മുമ്പിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. മിക്ക കടക്കാരും വിറ്റത് കിലോയ്ക്ക് 360 രൂപയ്ക്കാണ്. ഇന്നലെ വരെ ബീഫിന് വില 340 രൂപയായിരുന്നു.

കോഴിക്കും വില കൂടി. കഴിഞ്ഞയാഴ്ച 92 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിക്ക് ഇന്ന് രാവിലെത്തെ വില 136 രൂപ. താറാവിനും വില കൂടിയിട്ടുണ്ട്. 360 രൂപയാണ് ഇന്നത്തെ വില. ഡ്രസ് ചെയ്യാത്ത താറാവിന് 300 രൂപയാണ്. ആടിന് കിലോയ്ക്ക് 700 രൂപയാണ് വില. ചുരുക്കത്തിൽ ഈസ്റ്റർ ആഘോഷിക്കാൻ നെട്ടോട്ടത്തിലാണ് കേരളീയർ.

കേരളത്തിൽ പോത്തും കാളയും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കർഫ്യു പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിലെ ചന്തകൾ പ്രവർത്തിക്കുന്നില്ല. ഇതോടെ കേരളത്തിലെ വ്യാപാരികൾക്ക് ഇവയെ വാങ്ങാൻ സാധിച്ചിരുന്നില്ല. ചില വ്യാപാരികൾ പോത്തിനെ വാങ്ങി തമിഴ്നാട്ടിൽ നിറുത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ എത്തിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞദിവസം 25 പോത്തുകളെ വാങ്ങി നിർത്തിയിരുന്ന ആലപ്പുഴ സ്വദേശികളായ വ്യാപാരികൾക്ക് അവയെ ഇങ്ങോട്ട് കടത്താൻ സാധിക്കാതായതോടെ രണ്ട് പോത്തുകൾ ചത്തു. അവർക്ക് പുല്ലോ വെള്ളമോ പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പോത്തിനെ ഇന്ന് കൊണ്ടുവരാം, നാളെ കൊണ്ടുവരാം എന്ന പ്രതീക്ഷയിൽ കാത്തുനിന്ന വ്യാപാരികൾക്ക് കേരളത്തിലേക്ക് മടങ്ങാനും സാധിച്ചില്ല. അവർ ഇപ്പോഴും തമിഴ്നാട്ടിൽ കഴിയുകയാണ്.

പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട്ടിൽ കോഴികൾ മൊത്തത്തോടെ ചത്തൊടുങ്ങിയതും ഈസ്റ്ററിന് കോഴി ക്ഷാമത്തിന് കാരണമായി. തമിഴ്നാട്ടിൽ നിന്നും കോഴി വരാതായതോടെ കേരളത്തിലെ കോഴികർഷകർക്ക് ചാകരയായിരുന്നു. കിലോയ്ക്ക് 30 രൂപാ വരെ എത്തിയ കോഴിക്ക് ഒറ്റയടിക്ക് 86 രൂപയിലെത്തി. ഇതിനിടയിലാണ് കോഴി തീറ്റ കിട്ടാതായത്. ഒരു ദിവസം ആവശ്യത്തിന് തീറ്റ കൊടുക്കാതിരുന്നാൽ ഇവയുടെ തൂക്കം കുറയും. രണ്ടോ മൂന്നോ ദിവസം തീറ്റ മുടങ്ങിയാൽ കോഴി ചാവും. ഇത് മുൻകൂട്ടി കണ്ട് വളർച്ചയെത്താത്ത കോഴികളെപോലും മൊത്തമായി വില്ക്കുകയായിരുന്നു കർഷകർ. ഇതോടെയാണ് കഴിഞ്ഞയാഴ്ച കോഴിക്ക് വിലകുറഞ്ഞത്. കൂടുതൽ കോഴികൾ എത്തിയതോടെ കടക്കാരും കോഴിയുടെ വില കുറച്ചു. 62 രൂപയ്ക്കാണ് കഴിഞ്ഞയാഴ്ച കോട്ടയത്ത് കോഴിയെ വിറ്റത്.

എന്നാൽ കുറച്ചുകർഷകർ വളർത്തിയിരുന്ന കോഴികളാണ് ഇപ്പോൾ കടകളിൽ എത്തിയിട്ടുള്ളത്. ഇതോടെയാണ് വില ക്രമാതീതമായി ഉയർന്നത്. 136 മുതൽ 140 രൂപാ വരെ വിലയ്ക്കാണ് കടക്കാർ ഇന്ന് കോഴിയെ വിറ്റത്. ഇനിയും വില കൂടുമെന്ന് കടക്കാർ പറയുന്നു.

പക്ഷിപ്പനിയെ തുടർന്ന് താറാവുകളും കൂട്ടത്തോടെ ചത്തിരുന്നു. കേരളത്തിൽ ഏതാനും ചില പ്രദേശങ്ങളിൽ മാത്രമേ പക്ഷിപ്പനി പടരാതിരുന്നുള്ളു. ആ താറാവുകളാണ് ഇപ്പോൾ മാർക്കറ്റിൽ എത്തിയിരിക്കുന്നത്.