മദീന:കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മദീനയിൽ ആറ് പ്രദേശങ്ങളിൽ പ്രഖ്യാപിച്ച 24 മണിക്കൂർ കർഫ്യൂ ശക്തമാക്കി. ശുറൈബാത്, ബനീ ദഫർ, ഖുർബാൻ, ജുമുഅ, ഇസ്‌കാൻ, ബദീന, ഖദ്ര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് പൂർണ കർഫ്യൂ പ്രഖ്യാപിച്ചത്. പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനും യാത്രയ്ക്കും പൂർണ വിലക്ക് ഏർപ്പെടുത്തി.
ഭക്ഷണവും മറ്റ് അവശ്യ സർവ്വീസുകളുടെ ലഭ്യതയും മരുന്നുകൾ ഉൾപ്പെടെ ആവശ്യമായ മെഡിക്കൽ സേവനങ്ങളും ആഭ്യന്തര മന്ത്രാലയം ഉറപ്പുവരുത്തും. മദീന ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ട് അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ അനുവാദം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാവരും കർഫ്യൂവിനോട് സഹകരിക്കണമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.