ql

വാഷിങ്ടൺ: കൊവിഡിന്റെ മറവിൽ അൽഖ്വയിദ, ഐ.എസ് തുടങ്ങിയ ഭീകര സംഘടനകൾ സൈനികശേഷി വർദ്ധിപ്പിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായി രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ലോകരാജ്യങ്ങൾ കോവിഡിനെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് മുതലെടുത്ത് ഗൂഢാലോചനയുടെയും ആക്രമണ പദ്ധതികളുടെയും പണിപ്പുരയിലാണിവരെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ചൈനയും ജൂതൻമാരും ചേർന്നുണ്ടാക്കിയ വ്യാജ സൃഷ്ടിയാണ് കൊവിഡെന്നാണ് ഒരു പ്രചാരണം. ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിച്ച് ജൂതൻമാർ, കറുത്തവർഗ്ഗക്കാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരെ ബലിയാടാക്കി അവർക്ക് തൊഴിൽ നഷ്ടമുണ്ടാക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നുമുള്ള വ്യാജപ്രചാരണങ്ങളും നടത്തുന്നുണ്ട്.

ഇസ്ലാമിക ശത്രുക്കൾക്കെതിരെ ദൈവം സൃഷ്ടിച്ചതാണ് കൊവിഡെന്നും ദൈവം തന്റെ ദേഷ്യം തീർക്കുകയാണെന്നും അൽഖ്വയിദ കഴിഞ്ഞ ദിവസം സന്ദേശത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തീവ്രവാദ സംഘങ്ങൾ ശക്തി വർദ്ധിപ്പിക്കുന്നതായി യൂറോപ്യൻ ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥരും, ഓൺലൈനിലൂടെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൂപ്പർമാർക്കറ്റ്, ആശുപത്രികൾ എന്നിവ വഴി ബോധപൂർവം കൊവിഡ് പടർത്താൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട ചാറ്റ് റെക്കോഡുകൾ ലഭിച്ചതായി മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവൻ സ്റ്റാലിൻസ്‌കി പറഞ്ഞു. മാർച്ച് 24ന് കൊവിഡ് രോഗികൾ കൂടുതലുള്ള ആശുപത്രിയിൽ സ്‌ഫോടനത്തിന് ശ്രമിച്ച തീവ്രവാദിയെ എഫ്.ബി.ഐ ഏജന്റ് ബെൽറ്റണിൽ വെടിവച്ചിരുന്നു. നിയോ നാസി ഗ്രൂപ്പുകൾ സാമൂഹിക അകലം പാലിച്ച് വീടുകളിൽ കഴിയുന്ന ജനങ്ങളെ പരിഭ്രാന്തിയിലാക്കാൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

തീവ്രവാദ സംഘടനകൾ കൊവിഡിനെ ജൈവ ആയുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് ആരോഗ്യപ്രശ്നം മാത്രമല്ല, ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും ഗുട്ടെറസ് അഭിപ്രായപ്പെട്ടു.