ഇസ്രയേൽ: കൊവിഡിൽ ഇസ്രയേലിലെ സൈനികമേഖലയും ഞെട്ടുന്നു. 2,876 സൈനികർ ഐസൊലേഷനിലാണ്. 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യം ശക്തമായ മുൻകരുതലും സുരക്ഷാ ക്രമീകരണങ്ങളുമാണ് പാലിക്കുന്നത്. ഒദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി സൈനികർ വിദേശത്ത് പോവരുതെന്നും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന സൈനികർ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്.
ഇസ്രയേൽ സൈന്യത്തിന്റെ യോഗങ്ങളിൽ പത്തിൽ കൂടുതൽ പേർ പങ്കെടുക്കരുത്, 30ലേറെ സൈനികർ ഒരിടത്ത് താമസിക്കരുത്, പരസ്പരം രണ്ട് മീറ്റർ അകലം പാലിച്ചേ സൈനികർ നിൽക്കാവൂ, യുദ്ധമുഖത്തോ പരിശീലന കേന്ദ്രങ്ങളിലോ ഉള്ള സൈനികർ അനിശ്ചിത കാലത്തേക്ക് അവിടെ തന്നെ തുടരണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
ഇസ്രയേൽ സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് തലവൻ ലഫ്. ജനറൽ അവിവ് കൊഹാവിക്ക് കൊവിഡ് സംശയിച്ചിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇസ്രയേലിൽ മൊത്തം രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. 95 പേർ മരിച്ചു. 167 പേരുടെ നില ഗുരുതരമാണ്. ബെനെ ബറാക് നഗരത്തിലാണ് ഇസ്രയേലിൽ ഏറ്റവുമധികം രോഗികളുള്ളത്: 1,780 പേർ.
നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ അഞ്ച് ദിവസത്തേക്കു കൂടി നീട്ടി. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ജെറുസലമിലും നിയന്ത്രണങ്ങൾ തുടരുകയാണ്. തെൽ അവീവ് , ഇലാദ്,അഷ്‌കലോൻ, പെറ്റ തിക്വ,റിഷൻ ലെസിയോൻ , മോദിൻ ഇല്ലിത്, ബെയ്ത് ഷംഷ്, അഷ്‌ദോദ് നഗരങ്ങളിലും കൊവിഡ് രോഗികളുണ്ട്.