ടോക്കിയോ: സുമോ ഗുസ്തി താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ, അടുത്ത മാസം നടക്കേണ്ടിയിരുന്ന ഗ്രാന്റ് സുമോ ടൂർണമെന്റ് അനിശ്ചിതത്വത്തിലായി. മെയ് 24നാണ് ഗ്രാന്റ് സുമോ ടൂർണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. ഫെബ്രുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടാഴ്ചത്തേയ്ക്കു നീട്ടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് സുമോ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
മാർച്ചിൽ ടൂർണമെന്റ് കാണികളില്ലാതെ സംഘടിപ്പിച്ചിരുന്നു. വൈറസ് ബാധ പിടിപെടാതിരിക്കാൻ താരങ്ങൾക്കും മറ്റു ഒഫീഷ്യലുകൾക്കും കർശന നിബന്ധനകളേർപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്. അതേസമയം, വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പിലും കാണികൾക്കു പ്രവേശനമുണ്ടാവില്ലെന്നാണ് വിവരം. സാഹചര്യം കൂടുതൽ മോശമാവുകയാണെങ്കിൽ ടൂർണമെന്റ് റദ്ദാക്കാനും ആലോചിക്കുന്നതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് ഗുസ്തി താരത്തിന് പനി പിടിപെട്ടത്. തുടർന്നു നടത്തിയ പരിശോധനകളിൽ താരത്തിന് വൈററസ് ബാധയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ ഗുസ്തി താരത്തിന്റെ മറ്റു സഹ താരങ്ങളോ, ഒഫീഷ്യൽസോ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ജപ്പാനിലെ പ്രൊഫഷണൽ ഫുട്‌ബോൾ, ബേസ്‌ബോൾ ടൂർണമെന്റുകൾ വൈറസ് ബാധയെ തുടർന്ന് ഇതിനകം മാറ്റിവച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ. രാജ്യ തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.