lava-

ജാവ: ഇന്തോനേഷ്യൻ തീരത്തെ അനക് ക്രാകത്തോവ അഗ്നിപർവതത്തിൽ പൊട്ടിത്തെറി. പർവതത്തിന് നിന്നും 15 കിലോമീറ്റർ ചുറ്റളവിൽ വരെ വായുവിലേക്ക് ചാരം വമിച്ചുകൊണ്ടിരിക്കുകയാണ്. ആളപായമില്ല. സമീപ ദ്വീപുകളിൽ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുകയാണ്. ഇന്നലെ രാത്രി 9.58നും രാത്രി 10.35നുമായി രണ്ട് പൊട്ടിത്തെറികളാണ് പർവതത്തിലുണ്ടായതെന്ന് ഇന്തോനേഷ്യൻ വോൽക്കാനോളജി സെന്റർ അറിയിച്ചു. പർവതത്തിൽ ചെറു പൊട്ടിത്തെറികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അനക് ക്രാകത്തോവയിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജാക്കാർത്ത സ്ഥിതി ചെയ്യുന്നത്. അഗ്നിപർവത സ്ഫോടനമുണ്ടായതിന്റെ ഭീകരമായ മുഴക്കം തങ്ങൾ കേട്ടതായി ജാക്കാർത്ത നിവാസികൾ പറഞ്ഞു.

രാത്രി 9.58നുണ്ടായ ആദ്യ പൊട്ടിത്തെറി ഒരു മിനിട്ട് പന്ത്രണ്ട് സെക്കന്റ് നീണ്ടുനിന്നു. പൊട്ടിത്തെറിയുടെ ഫലമായുണ്ടായ ചാരം 200 മീറ്റർ ഉയരത്തിൽ പുറത്തെത്തി. 10.35നുണ്ടായ രണ്ടാമത്തെ പൊട്ടിത്തെറി 38 മിനിറ്റ് 4 സെക്കന്റ് നീണ്ടു നിന്നു. 500 മീറ്റർ ഉയരത്തിൽ വടക്ക് ദിശയിലേക്കാണ് രണ്ടാമത്തെ പൊട്ടിത്തെറിയുടെ ഫലമായുണ്ടായ ചാരം വമിച്ചത്. ഇന്ന് പുലർച്ചെ 5.44 വരെ അഗ്നിപർവതം സജീവമായി തീ തുപ്പിയിരുന്നു. അഗ്നിപർവതത്തിൽ നിന്നും 47,000 അടി ഉയരത്തിൽ ചാരം നിറഞ്ഞു നില്ക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 2018 ഡിസംബറിന് ശേഷം ഉണ്ടായിരിക്കുന്ന ഏറ്റവും തീവ്രതയേറിയ പൊട്ടിത്തെറിയാണിത്. അനക് ക്രാകത്തോവയുടെ ഉയരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അന്നത്തെ പൊട്ടിത്തെറിയിൽ നഷ്ടമായിരുന്നു. 400ലേറെ പേരുടെ മരണത്തിനിടയാക്കിയ സുനാമിയും പിന്നാലെ എത്തിയിരുന്നു.


കൊറോണ വൈറസിന്റെ വരവിൽ നടുങ്ങിയിരിക്കുന്ന ഇന്തോനേഷ്യൻ ജനത അനക് ക്രാകത്തോവയുടെ പൊട്ടിത്തെറിയോടെ ഇരട്ടി ഭീതിയിലായിരിക്കുകയാണ്. ഇന്തോനേഷ്യയിലെ സുന്ദാ സ്ട്രെയ്റ്റിലുള്ള അനക് ക്രാകത്തോവയ്ക്ക് 400 അടിയോളം ഉയരമാണിപ്പോഴുള്ളത്. ഉയരം കുറവാണെങ്കിലും ഏറ്റവും ഭീകരനാണ് അനക് ക്രാകത്തോവ. പ്രായത്തിൽ ' കുട്ടിയായ ' അനക് ക്രാകത്തോവ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. പ്രശസ്തമായ ' ക്രാകത്തോവ ' അഗ്നിപർവതത്തിൽ നിന്നാണ് അനക് ക്രാകത്തോവ രൂപപ്പെട്ടിരിക്കുന്നത്. 1883ൽ ക്രാകത്തോവ പൊട്ടിത്തെറിച്ചതിന്റെ ഫലമായി തൊട്ടടുത്ത് രൂപപ്പെട്ട 'അനക് ക്രാകത്തോവ' എന്ന ഭീകരൻ ഇപ്പോൾ ഇന്തോനേഷ്യക്കാരുടെ പേടി സ്വപ്‌നമാണ്.

1928ലാണ് ക്രാകത്തോവയിൽ പുതിയ ഒരു അഗ്നി പർവതം രൂപപ്പെടാൻ തുടങ്ങിയത്. 'ക്രാകത്തോവയുടെ കുഞ്ഞ് ' എന്നാണ് അനക് ക്രാകത്തോവയുടെ അർത്ഥം. ക്രാകത്തോവയും ഇപ്പോൾ സജീവമാണ്. ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിനെക്കാൾ 13,000 മടങ്ങ് ശക്തിയിൽ പൊട്ടിത്തെറിക്കാൻ ശേഷിയുള്ളതാണ് ക്രാകത്തോവ. 1883ൽ ക്രാകത്തോവയിലുണ്ടായ സ്ഫോടനം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമാണ്. 36,000 ത്തിലേറെ മനുഷ്യർക്കാണ് അന്ന് ജീവൻ നഷ്ടമായത്. പൊട്ടിത്തെറിയ്ക്ക് ശേഷം ലോകത്തെ കാലവസ്ഥ തന്നെ ക്രാകത്തോവ തകിടം മറിച്ചിരുന്നു. 1980ൽ യു.എസിലെ മൗണ്ട് സെന്റ് ഹെലൻസിൽ ഉണ്ടായതടക്കം ആധുനിക ലോകത്ത് ഇന്നേ വരെ കണ്ടിട്ടുള്ള ഒരു അഗ്നി പർവത സ്ഫോടനത്തിനും അന്ന് ക്രാകത്തോവയിലുണ്ടായ സ്ഫോടനത്തിന്റെ അത്രയും തീവ്രത ഇല്ലായിരുന്നു. അന്നത്തെ സ്ഫോടനത്തിന് പിന്നാലെ 165ലേറെ ഗ്രാമങ്ങളെയും നഗരങ്ങളെയും തകർത്തെറിഞ്ഞ 100 ഉയരത്തിലുള്ള കൂറ്റൻ സുനാമിത്തിരമാലകളും ഉണ്ടായതായാണ് രേഖകൾ. സ്ഫോടനത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം 1,000 കിലോമീറ്റർ അകെലയുള്ള ഓസ്ട്രേലിയയിലെ പെർത്ത്, 4,800 കിലോമീറ്റർ ദൂരെയുള്ള മൗറീഷ്യസ് തുടങ്ങിയ പ്രദേശങ്ങളിൽ വരെ കേട്ടത്രെ.

ഭൂമിയിലുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ശബ്ദമായിരുന്നു അത്. കഴിഞ്ഞ ഡിസംബറിൽ ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിൽ 21 പേരുടെ മരണത്തിനിടയാക്കിയ വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനമാണ് ഒടുവിൽ ലോകത്തെ വിറപ്പിച്ചത്.