forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏപ്രിൽ മൂന്നിന് സമാപിച്ച വാരത്തിൽ 90.20 കോടി ഡോളറിന്റെ നഷ്‌ടവുമായി 47,466 കോടി ഡോളറിലേക്ക് താഴ്‌ന്നുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. മാർച്ച് ആറിന് കുറിച്ച 48,723 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ റെക്കാഡ് ഉയരം.

2019-20ൽ മാത്രം വിദേശ നാണയ ശേഖരത്തിൽ 6,200 കോടി ഡോളറിന്റെ വർദ്ധന ഉണ്ടായിട്ടുണ്ട്. വിദേശ നാണയ ആസ്‌തി 54.70 കോടി ഡോളർ താഴ്‌ന്ന് 43,912 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 34 കോടി ഡോളർ ഇടിഞ്ഞ് 3,055 കോടി ഡോളറിലെത്തി. ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയവയുമുണ്ട്.