kerala

തിരുവനന്തപുരം: പത്ത് കിലോ അരിയിൽ നാല് കിലോയോളം തൂക്കത്തിൽ വെട്ടിപ്പ് നടത്തിയ കഴക്കൂട്ടത്തെ റേഷൻ വ്യാപാരിയെ വിജിലൻസ് പൊക്കി. കഴക്കൂട്ടത്തെ എ.ആർ.ഡി നമ്പർ 194ലാണ് വമ്പൻ വെട്ടിപ്പ് കണ്ടെത്തിയത്. ഇത് കൂടാതെ ഇവിടെ നിന്ന് 25 കിലോ പുഴുക്കലരി തൊട്ടടുത്ത കടയിലും പത്ത് കിലോ ഗോതമ്പ് റേഷൻ കടയുടമയുടെ സ്കൂട്ടറിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. കടയുടയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി വിജിലൻസ് അറിയിച്ചു.

കോട്ടയം ജില്ലയിലെ വെച്ചൂർ, എറണാകുളം കൊച്ചി, തൃശൂർ ജില്ലയിലെ വാടനാപ്പള്ളി , തളിക്കുളം എന്നിവിടങ്ങളിലെ റേഷൻ കടകളിലും അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തിയതായി ഇന്നലെയും ഇന്നുമായി നടന്ന വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ലോക്ക് ഡൗണിനോടനുബന്ധിച്ച് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ നടത്തിയ പരിശോധനയിൽ 173 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.തിരുവനന്തപുരത്ത് 45ഉം കൊല്ലത്ത് 19ഉം എറണാകുളത്തും കോഴിക്കോടും 18 വീതവും മലപ്പുറത്ത് 12ഉം സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.