തിരുവനന്തപുരം: ലോക്ക് ഡൗൺ ദിനങ്ങൾ മനോഹരമായ ചിത്രങ്ങളും കളിമൺ രൂപവുമൊരുക്കി വ്യത്യസ്തമാകുകയാണ് തിരുവനന്തപുരം വാവറമ്പയലം സ്വദേശിനി സിജി. കളിമൺ രൂപങ്ങൾ, ബോട്ടിൽ ആർട്ട് നെറ്റിപ്പട്ട നിർമ്മാണം എന്നിവയാണ് സിജിയുടെ പ്രധാന കലാവിരുതുകൾ. ഹിസ്റ്ററിയിൽ ബിരുദധാരിയായ സിജിക്ക് പഠനകാലത്ത് തന്നെ ഇതിനോട് താത്പര്യമുണ്ടായിരുന്നു. വിവാഹ ശേഷവും അത് തുടർന്നു. ലോക്ക് ഡൗൺ സമയത്താണ് സിജി കൂടുതൽ സജീവമായത്.
സിജി നിർമ്മിക്കുന്ന മനോഹരമായ വസ്തുക്കൾ ബന്ധുക്കൾക്കും കൂട്ടുകാർക്കും സൗജന്യമായി നൽകും.അക്രിലിക്ക് കളർ, കളിമണ്ണ്, കാർഡ് ബോർഡ് തുടങ്ങിയവ കൊണ്ടാണ് പ്രതിമകളും രൂപങ്ങളും നിർമ്മിക്കുന്നത്. പഴയ കുപ്പികളിൽ ചായങ്ങൾ തേച്ച് പലതരം രൂപങ്ങൾ നിർമ്മിക്കുന്നുണ്ട്. ആക്രിലിക്ക് കളറും കളിമണ്ണും കൂട്ടിയോജിപ്പിച്ച നിർമ്മിച്ച ആഫ്രിക്കൻ ലേഡി എന്ന സിജിയുടെ പെയിന്റിംഗാണ് ഏറെ ശ്രദ്ധേയം. നെറ്രിപ്പട്ട നിർമ്മാണമാണ് സിജിയുടെ ഏറ്റവും ചെലയേറിയത്.എന്നാൽ ഇതും വിൽപ്പനയ്ക്കില്ല. 3000 രൂപ വരെ ചെറിയ നെറ്റിപ്പട്ടത്തിനും 6000 രൂപ വരെ വലിയ നെറ്റിപ്പട്ടത്തിന് നിർമ്മാണ ചെലവുണ്ട്. ബിസിനസ് ആയി കണ്ടിട്ടില്ല അതുകൊണ്ട് കച്ചവടം ചെയ്യുന്നില്ല എന്നാണ് സിജി പറയുന്നത്. ഭർത്താവ് പ്രേംചന്ദ്രനും 8 വയസായ മകൾ ദിക്ഷയും സിജിയുടെ ഈ കലാവിരുതിന് പൂർണ പിന്തുണ നൽകുന്നുണ്ട്.