ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിൻഗ്രോലിയിലുള്ള റിയലയൻസ് കൽക്കരി വൈദ്യുത നിലയത്തിൽ വിഷലിപ്തമായ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന കൃത്രിമ തടാകം ചോർന്ന് അഞ്ച് പേരെ കാണാതായി. തടാകത്തിൽ നിന്നു ചാരവും വെള്ളവും കുത്തിയൊലിച്ച് വന്നതോടെ സമീപ പ്രദേശത്തുള്ളവർ ഒഴുക്കിൽപ്പെട്ടുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 10 കൽക്കരി വൈദ്യുത നിലയങ്ങളുള്ള സിൻഗ്രോലിയിൽ ഒരു വർഷത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. വിഷമയമുള്ള ചെളിയിൽ പുതഞ്ഞ പ്രദേശത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. റിലയൻസ് വൈദ്യുത നിലയത്തിന്റെ വലിയ വീഴ്ചയാണിതെന്ന് ജില്ലാ കളക്ടർ കെ.വി.എസ് ചൗധരി പറഞ്ഞു. ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും കളക്ടർ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന എസ്സർ പ്ലാന്റിലെ കൃത്രിമ കുളത്തിൽ നിന്ന് വിഷമയമായ വെള്ളം ചോർന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് റിലയൻസിലെ വിഷജലത്തിന്റെയും ചാരത്തിന്റെയും ചോർച്ചയെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് പ്രദേശം ദേശീയ ഹരിത ട്രൈബ്യൂണൽ സന്ദർശിക്കുകയും കൃത്രിമ തടാകവും മാലിന്യങ്ങളും കൃത്യമായി പരിപാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.