covid-

മാഡ്രിഡ് : സ്പെയ്‌നിൽ കൊവിഡ് മരണ സംഖ്യ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പേരാണ് സ്പെയിനിൽ മരിച്ചത്. വെള്ളിയാഴ്ച 610 മരണമാണ് രേഖപ്പെടുത്തിയത്. ഇതിതാദ്യമായാണ് രണ്ട് ദിവസത്തെ മരണസംഖ്യകൾക്കിടയിൽ ഇത്രയും വലിയ അന്തരം പ്രകടമാകുന്നത്. ഏപ്രിൽ 2 ആയിരുന്നു സ്പെയിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനാജനകമായ ദിനം. 950 പേരാണ് അന്ന് മരിച്ചത്. മരണനിരക്കിന്റെ കാര്യത്തിൽ ഇറ്റലിയ്ക്കും അമേരിക്കയ്ക്കും തൊട്ടുപിന്നിലാണ് സ്പെയിൻ.

16,353 പേർ ഇതേ വരെ സ്പെയിനിൽ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണസംഖ്യ കുറഞ്ഞു വരുന്നത് പ്രതീക്ഷകൾക്ക് വകയേകുന്നുണ്ട്. 161,852 പേരാണ് സ്പെയിനിൽ ഇപ്പോൾ രോഗബാധിതരായുള്ളത്. 4,830 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 4,576 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. വെള്ളിയാഴ്ചത്തെ നിരക്കിൽ നിന്നും 3 ശതമാനം വർദ്ധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്ത് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

അതേസമയം, മരണ സംഖ്യ കുറയുന്നുണ്ടെങ്കിലും ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുത്തനെ കുറയേണ്ടതുണ്ട്. അതിനാൽ രാജ്യത്ത് മാർച്ച് 14 മുതൽ നടപ്പാക്കി വരുന്ന നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് സർക്കാർ അറിയിച്ചു. ഏപ്രിൽ 25 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും രണ്ടാഴ്ച കൂടി നീട്ടാൻ സാദ്ധ്യതയുണ്ട്.