liquor

ദുബായ്: ലോക്ക് ഡൗൺ തുടരുമ്പോൾ ദുബായിൽ ഓൺലൈൻ മദ്യവ്യാപാരം തകർക്കുന്നു. ഓൺലൈനിൽ അപേക്ഷിച്ചാൽ മദ്യം വീട്ടിലെത്തിക്കും. അംഗീകൃത മദ്യവിതരണ കമ്പനികളായ എം.എം.ഐ, ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനി എന്നിവ സംയുക്തമായാണ് മദ്യവിതരണം നടത്തുന്നത്.

ആവശ്യക്കാർ ഏറെയാണെന്നും യാത്രാ നിയന്ത്രണങ്ങൾ മൂലം സമയത്ത് എത്തിക്കാനുള്ള പ്രയാസം മാത്രമാണുള്ളതെന്നും ആഫ്രിക്കൻ ഈസ്റ്റേൺ റീട്ടെയിൽ മാനേജർ ജെമി ജോസഫ് പറഞ്ഞു. വൈനിനാണ് ആവശ്യക്കാർ കൂടുതൽ. രണ്ടാം സ്ഥാനത്ത് ബിയർ. ദുബായിൽ ലൈസൻസ് ഉള്ളവർക്കാണ് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള അനുമതി. മുസ്ലിങ്ങൾക്കും 21 വയസിൽ താഴെയുള്ളവർക്കും മദ്യം കിട്ടില്ല.

യു.എ.ഇ താമസ വിസക്കാരും സന്ദർശക വിസയിലുള്ളവരും ഓൺലൈനിലൂടെ മദ്യത്തിന് അപേക്ഷിക്കുമ്പോൾ പാസ്‌പോർട്ട് നമ്പർ കാണിക്കണം. മദ്യം ഡെലിവറി വരുന്നതിന് അരമണിക്കൂർ മുമ്പ് ഉപഭോക്താക്കൾക്ക് എസ്.എം.എസ് ലഭിക്കും. മദ്യം വീട്ടിലെത്തിക്കുമ്പോൾ ലൈസൻസോ പാസ്‌പോർട്ടോ കാണിക്കണം. 250 ദിർഹത്തിന്റെ മദ്യമെങ്കിലും ഓർഡർ ചെയ്താലേ ഹോം ഡെലിവറിയായി ലഭിക്കുകയുള്ളൂ. മുനിസിപ്പാലിറ്റി നികുതി, വാറ്റ് എന്നിവ ഉൾപ്പെടെയാണിത്. ഹോം ഡെലിവറി നിരക്ക് 50 ദിർഹവും.