sachin-baby-

ലോക്ക് ഒൗട്ട് കാലത്തെ ഇൗസ്റ്ററിനെപ്പറ്റി കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ സച്ചിൻ ബേബി സംസാരിക്കുന്നു

ലോകം കൊവിഡ്-19 ഭീതിയിലാഴുമ്പോൾ ഉയിർത്തെണീപ്പിന്റെ ഇൗസ്റ്ററിനായി കാത്തിരിക്കുകയാണ് സച്ചിൻ ബേബി. കൊച്ചിയിലെ വില്ലയിൽ ലോക്ക് ഡൗണിന്റെ ഒറ്റപ്പെടലിലാണെങ്കിലും മനസുകൊണ്ട് ഉറ്റവർക്കൊപ്പമാണ് ഇൗ ക്രിക്കറ്റർ. പ്രാർത്ഥനകളിൽ നിറയുന്നത് ലോകത്തെ വിറപ്പിക്കുന്ന ഇൗ മഹാമാരിയെ മറികടന്ന് പഴയ സന്തോഷദിനങ്ങൾ എല്ലാവർക്കും തിരികെ ലഭിക്കട്ടെയെന്നും.

ലോക്ക്ഡൗൺ തന്റെ ജീവിതത്തിൽ വലിയ പ്രയാസമൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് സച്ചിൻ പറയുന്നു. മുമ്പും കറങ്ങിനടക്കുന്നതിനോട് അധികം താത്പര്യമില്ലാത്ത ആളാണ് .ക്രിക്കറ്റ് ഗ്രൗണ്ടും ഒാഫീസും കഴിഞ്ഞാൽ നേരേ വീട്ടിൽ കയറും. ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിക്കുന്നതാണ് ഏറെയിഷ്ടം. ഇൗ ലോക്ക്ഡൗൺ അതിന് ഏറെ സഹായകരമായെന്ന് സച്ചിൻ പറയുന്നു.പക്ഷേ അപ്പനുമമ്മയും തൊടുപുഴയിലെ വീട്ടിലായതാണ് സങ്കടം. പോയി കാണാനും കഴിയുന്നില്ല.

പെസഹ, ദുഖവെള്ളി, ഇൗസ്റ്റർ, വിഷു തുടങ്ങിയ ആഘോഷവേളകളിൽ ക്രിക്കറ്റർമാർ സാധാരണഗതിയിൽ ഐ.പി.എല്ലിന്റെ തിരക്കുകളിലായിരിക്കും. രണ്ട് സീസൺ വീതം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ളൂരിലും സൺറൈസേഴ്സ് ഹൈദരാബാദിലും സച്ചിൻ ബേബി കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ടീമിൽ ഇല്ലാതിരുന്നതിനാൽ ആഘോഷവേളയിൽ വീട്ടുകാർക്കൊപ്പം എത്താൻ കഴിഞ്ഞു. ഇത്തവണയും ജന്മനാടായ തൊടുപുഴയിൽ ഇൗസ്റ്റർ ആഘോഷിക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് ലോക്ക്ഡൗണിന്റെ വരവ്. പള്ളിയിലെ വിശേഷാൽ പ്രാർത്ഥനകളിൽ നേരിട്ട് പങ്കെടുക്കാനാകാത്തതിനാൽ ഒാൺലൈൻ തന്നെ ശരണം. ലോക്ക്ഡൗണിന്റെ ആദ്യ സമയത്ത് ഒാൺലൈൻ കുർബാന കണ്ടിരുന്നു. എന്നാൽ പള്ളിയിൽ ചെന്നാൽ കിട്ടുന്ന ഫീലിംഗ് ഒാൺലൈനിൽ കിട്ടില്ലല്ലോ.

വീട്ടിൽ മകൾക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. ആ കുറുമ്പിനൊപ്പമാകുമ്പോൾ ലോക്ക്ഡൗണാണെന്നൊക്കെ മറക്കും. താമസിക്കുന്ന വില്ലയുടെ പരിസരത്ത് അത്യാവശ്യം നടക്കാനും വ്യായാമം ചെയ്യാനുമൊക്കെ സമയമുണ്ട്. തൊട്ടടുത്ത് നല്ലൊരു ജിംനേഷ്യവുമുണ്ട്. ഇവിടെ മറ്റാരും വ്യായാമം ചെയ്യാനില്ലാത്തതിനാൽ ധൈര്യമായി പോകാം. മൊബൈൽ വഴി സഹക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധം തുടരുന്നു.വർക്ക് ഒൗട്ടിലെ ടിപ്സ് കൂടുതലും നൽകുന്നത് മുൻ ഇന്ത്യൻ താരം ശ്രീശാന്താണ്. സഞ്ജു സാംസൺ, ബേസിൽ തമ്പി തുടങ്ങിയവരും ഒാൺലൈൻ വർക്ക് ഒൗട്ടിൽ സജീവമാണ്.

ഇൗ സമയത്ത് നടക്കേണ്ടിയിരുന്ന ഐ.പി.എല്ലിനെക്കുറിച്ചാണ് കളിക്കാർ തമ്മിലുള്ള ഇപ്പോഴത്തെ ചർച്ചയെന്ന് സച്ചിൻ ബേബി പറയുന്നു. ഐ.പി.എൽ ഒരുപാട് താരങ്ങളുടെ പ്രതീക്ഷയാണ്. ഒരു തവണ ടൂർണമെന്റ് നടന്നില്ലെങ്കിൽ ദേശീയ ടീമിലേക്കുളള വരവ് ഉൾപ്പടെയുളള സ്വപ്നങ്ങൾ തകരുന്നവരുണ്ട്.അതുകൊണ്ടുതന്നെ അൽപ്പം വൈകിയാലും ടൂർണമെന്റ് നടക്കണമെന്നുതന്നെയാണ് ക്രിക്കറ്റ് ലോകം ആഗ്രഹിക്കുന്നതെന്നാണ് ഇൗ മുൻ കേരള ക്യാപ്ടന്റെ അഭിപ്രായം.

ലോകത്തെ വിറപ്പിക്കുന്ന രോഗത്തിൽ പതറരുതെന്നാണ് സച്ചിൻ ബേബി ഒാർമ്മിപ്പിക്കുന്നത്. ഇൗ കഠിനമായ വഴിയും പിന്നിട്ട് നാം മുന്നോട്ടു കുതിക്കുകതന്നെ ചെയ്യും. പ്രത്യാശയുടെ ഉയിർപ്പുനാളിൽ നമ്മുടെ പ്രാർത്ഥനകൾ ലോകത്തിന് വേണ്ടിയാകണം.

ഇൗ രോഗകാലത്തെ സമർത്ഥമായി പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും നടത്തുന്ന പ്രവർത്തനങ്ങൾ മലയാളി എന്ന് അഭിമാനത്തോടെ ലോകത്തിന് മുന്നിൽ പറയാൻ അവസരമൊരുക്കുന്നു.ഇൗ ഉയിർപ്പുനാളിൽ പ്രത്യാശയുടെ പുതുകിരണങ്ങൾ നമുക്ക് മുന്നിൽ തെളിയുക തന്നെ ചെയ്യും.

- സച്ചിൻ ബേബി