ആലപ്പുഴ: ഈസ്റ്രറായിട്ടും കൊവിഡിൽ തകർന്ന് കുട്ടനാട്ടിലെ താറാവ് വിപണി. കഴിഞ്ഞ വർഷം, ഈ ദിവസം താറാവ് വില്പന കേന്ദ്രങ്ങളെല്ലാം സ്റ്റോക്ക് തീർന്നിരുന്നു. എന്നാൽ, ഈ സീസണിൽ വില്പനയ്ക്ക് എത്തിച്ച താറാവുകളിൽ വിറ്റുപോയത് 100ൽ താഴെ മാത്രം. കുട്ടനാടൻ താറാവിന്റെ കയറ്റുമതിയേയും കൊവിഡ് ബാധിച്ചുവെന്ന് കർഷകർ പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കർഷകർക്കും ഉണ്ടായിട്ടുള്ളത്.
പ്രളയത്തിൽ തകർന്നുപോയ കുട്ടനാട്ടിലെ താറാവ് കൃഷി ക്രിസ്തുമസ് വിപണിയോടെയാണ് തിരിച്ചുവന്നത്. എന്നാൽ, കൂടുതൽ വില്പന പ്രതീക്ഷിച്ച ഈസ്റ്ററിന് പ്രതീക്ഷകൾ തകിടം മറിയുകയായിരുന്നു.സർക്കാരിന്റെ നിരണം ഹാച്ചറിയിൽ നിന്നും വിരിയിച്ച താറാവ് കുഞ്ഞുങ്ങൾക്ക് പുറമേ അപ്പർകുട്ടനാട്ടിലെ ചെന്നിത്തല, പള്ളിപ്പാട് ഉൾപ്പടെയുള്ള സ്വകാര്യ ഹാച്ചറികളിൽ വിരിയിച്ച ചാര, ചെമ്പല്ലി ഇനത്തിലുള്ള ആയിരക്കണക്കിന് താറാവുകളെയാണ് വിപണിയിൽ ഇറക്കിയിരുന്നത്.
കുട്ടനാട് മേഖലകളിൽ മാത്രം ആയിരത്തിലധികം താറാവ് കർഷകരാണുള്ളത്. രണ്ട് വർഷം മുമ്പ് പക്ഷിപ്പനിയും ബാക്ടീരിയ ബാധയും മൂലം ലക്ഷക്കണക്കിന് താറാവുകൾ കുട്ടനാട്ടിൽ ചത്തൊടുങ്ങിയിരുന്നു. പക്ഷിപ്പനിയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ താറാവ് വിപണി പ്രളയത്തിൽവീണ്ടും തകർന്നു. പ്രളയത്തിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ താറാവ് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഈ തകർച്ചയിൽ നിന്നെല്ലാം കരകയറി വരുന്നതിനിടെയാണ് കൊവിഡ് വ്യാപനം വിപണിയെ തകർത്തത്.
നഷ്ടം മാത്രം
2000 പൂവൻ താറാവുകളെയാണ് ഇത്തവണ ഇറക്കിയത്. എ.സി റോഡിലെ യാത്രക്കാരാണ് പ്രധാന ആവശ്യക്കാർ. ഈസ്റ്റർ അടുക്കുന്നതോടെ താറാവും താറാവിൻ മുട്ടയും വാങ്ങാൻ കൂടുതലായി ആളുകളെത്തിയിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് വാഹനങ്ങൾ ഒഴിഞ്ഞതോടെ കച്ചവടവും നിലച്ചു.
320 രൂപയാണ് ഒരു താറാവിന്റെ വില. കഴിഞ്ഞ വർഷം താറാവ് ഡ്രസ് ചെയ്യാൻ തന്നെ മൂന്ന് ജോലിക്കാരുണ്ടായിരുന്നു. ഇപ്പോൾ ദിവസം രണ്ടോ മൂന്നോ താറാവുകളെ വിറ്റാലായി. എസി റോഡിലെ മുപ്പതിലധികം താറാവ് വില്പന കേന്ദ്രങ്ങളുടെ അവസ്ഥ സമാനമാണ്. കച്ചവടം മോശമായതോടെ 1500 താറാവിനെ തിരികെ അയച്ചു.
ജോസഫ് ആന്റണി, എ.സി റോഡിൽ കച്ചവടക്കാരൻ