റോം: ഇറ്റലിയിൽ ലോക്ക്ഡൗൺ മേയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോന്റെ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെ ഇതേ വരെ പിടിച്ചുകെട്ടാൻ ഇറ്റലിയ്ക്കായിട്ടില്ല. മേയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയാൽ വൻ സാമ്പത്തിക തകർച്ച ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 570 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 18,849 ആയി. രോഗബാധിതർ 147,557 ആയി. ഇറ്റലിയിൽ മരണ സംഖ്യയിൽ കുറവനുഭവപ്പെടുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇറ്റലി ഇത്രയും ഭീകരമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്നത്. അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഇറ്റലി കൊറോണ വൈറസിനെ എങ്ങനെ നേരിടുന്നുവെന്ന് ഏറെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. നിലവിൽ തിങ്കളാഴ്ചയായിരുന്നു ഇറ്റലിയിൽ ലോക്ക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്. അതേ സമയം, മാർച്ച് 12 മുതൽ അടഞ്ഞു കിടക്കുന്ന ചെറിയ വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഉപാധികളോടെ തുറക്കാം.
തിങ്കളാഴ്ച മുതൽ തുറക്കാവുന്ന വളരെ കുറച്ച് ഫാക്ടറികളുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി ദിവസവും സമയവുമടങ്ങുന്ന ലിസ്റ്റ് ഇന്നോ നാളെയോ പ്രഖ്യാപിക്കും. ബേബി ഷോപ്പുകളും കാർഷിക സ്ഥാപനങ്ങളും ലിസ്‌റ്റിൽ കാണാനിടയുണ്ട്. സാമൂഹിക അകലം പാലിക്കാൻ കഴിയുന്നവയ്ക്ക് മാത്രമേ തുറക്കാൻ അനുമതി നൽകൂ. അവശ്യസാധനങ്ങൾ വില്ക്കുന്ന കടകളും ഫാർമസികളും ഇപ്പോഴും രാജ്യത്ത് കർശന നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.