lockdown

ന്യൂഡൽഹി: കൂടുതൽ ഇളവുകൾ നൽകിക്കൊണ്ട് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാൻ സാദ്ധ്യത. വൈറസ് ബാധയുടെ സാന്ദ്രത കണക്കിലെടുത്ത് രാജ്യത്തെ മൂന്നു മേഖലകളായി തിരിച്ചുകൊണ്ടായിരിക്കും ഇളവുകൾ പ്രഖ്യാപിക്കുക.

അതിതീവ്രമായി വൈറസ് ബാധയുള്ള പ്രദേശങ്ങളെ റെഡ് സോണിലും തീവ്രത കുറഞ്ഞ പ്രദേശങ്ങളെ യെല്ലോ സാണിലും കാര്യമായി രോഗബാധയില്ലാത്ത പ്രദേശങ്ങളെ ഗ്രീൻ സോണിലും ഉൾപ്പെടുത്തിയായിക്കും ഇളവുകൾ നൽകുക എന്നറിയുന്നു.

ഓരോ സോണിലും വ്യത്യസ്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലുണ്ടായതത്രേ.

ഗ്രാമീണ മേഖലയിൽ കൂടുതൽ ഇളവുകൾ വേണമെന്നാണ് ഭൂരിഭാഗം മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടത്. കാർഷിക രംഗം സ്തംഭനാവസ്ഥയിൽ തുടരുന്നത് സ്ഥിതി വഷളാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതിനോട് അനുഭാവപൂർണമായ സമീപനമാ കേന്ദ്ര സർക്കാരിനുള്ളത്.

വിമാന, ട്രെയിൻ സർവീസുകൾ നടത്താനുള്ള സാദ്ധ്യത കുറവാണ്. അത് രോഗത്തിൻെറ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. മെട്രോ ട്രെയിൻ സർവീസുകളും ഉണ്ടാവില്ല. ബസ് സർവീസ് ഉണ്ടാവുമോയെന്നതിന് വ്യക്തതയില്ല.

രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ നീട്ടണമെന്ന് പത്ത് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടതായാണ് സൂചന. മറ്റുള്ള മുഖ്യമന്ത്രിമാർ നീട്ടണമെന്ന ആവശ്യത്തെ എതിർത്തില്ല.