തിരുവനന്തപുരം: മരുന്ന് കിട്ടാതെ വിഷമിച്ച കാൻസർ രോഗിയായ നാല് വയസുകാരിക്ക് 150 കിലോമീറ്റർ ബൈക്കോടിച്ച് യുവാവ് മരുന്നെത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജന്റ് ആലപ്പുഴ സ്വദേശി കെ.പി.വിഷ്‌ണുവാണ് മരുന്നെത്തിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ആർ.സി.സിയിൽ നിന്ന് കീമോതെറാപ്പിക്കുള്ള മരുന്ന് വാങ്ങാൻ മാർഗമില്ലാതെ കുട്ടിയുടെ അമ്മ വിഷമിക്കുകയാണെന്ന വിവരം സുഹൃത്തായ പൊലീസുകാരനാണ് വിഷ്‌ണുവിനെ അറയിച്ചത്. ഒരാഴ്ച തുടർച്ചയായി ഡ്യൂട്ടിയെടുത്തശേഷം വീട്ടിൽ പോകുന്നതായിരുന്നു വിഷ്‌ണുവിന്റെ പതിവ്. അന്ന് വിഷ്‌ണു വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തിയിരുന്നതേയുള്ളൂ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞയുടൻ വിഷ്‌ണു ആർ.സി.സിയിൽ നിന്ന് മരുന്നുമായി പിറ്റേദിവസം രാവിലെ ആലപ്പുഴയിലെത്തുകയായിരുന്നു. കുട്ടിയുടെ അമ്മ മരുന്നിന്റെ വില നൽകിയെങ്കിലും വിഷ്‌ണു സ്‌നേഹപൂർവം നിരസിച്ചു. മാർച്ച് 30നായിരുന്നു ഇത്. എന്നാൽ, മരുന്നെത്തിച്ച കാര്യം വിഷ്‌ണു ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം സഹപ്രവർത്തകർ ഇക്കാര്യം അറിഞ്ഞതോടെയാണ് വിവരം പുറംലോകത്തെത്തിയത്.