modi

തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരാൻ കേന്ദ്രം സഹായം നൽകണമെന്നും പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലേബർ ക്യാമ്പുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിസിറ്റിംഗ് വിസയിൽ പോയവരെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇവർക്കായി പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കണം. പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ രോഗികൾക്ക് അടിയന്തര സഹായം എത്തിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളി പ്രവാസികളോട് യു.എ.ഇയിലെ ഇന്ത്യൻ എംബസികൾ മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും, കാസർകോട്ട് രണ്ടുപേർക്കും കോഴിക്കോട്ട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഏഴുപേർക്ക് സമ്പർക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് തിരിച്ചെത്തുന്ന പ്രവാസികൾക്കായി വേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയർന്നു.

സംസ്ഥാനത്ത് നിലവിൽ 228 പേർ ചികിത്സയിലുണ്ട്. അതേസമയം ഇന്ന് 19 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.