raghuram-rajan

ന്യൂഡൽഹി: കൊവിഡ്-19 സൃഷ്‌ടിച്ച സമ്പദ്‌ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ഇന്ത്യയിലെത്തി സഹായിക്കാൻ തയ്യാറാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞു. 2016 സെപ്‌തംബർ വരെ മൂന്നുവർഷക്കാലം റിസർവ് ബാങ്കിന്റെ ഗവർണറായിരുന്ന രാജൻ, ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് ഷിക്കാഗോയിൽ അദ്ധ്യാപകവൃത്തി നോക്കുകയാണ് രാജൻ (57).

കൊവിഡ്, ലോകത്തെ ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് തള്ളിയിട്ടുണ്ട്. ഇന്ത്യയിൽ മാന്ദ്യത്തിന്റെ തുടക്കം സാധാരണ രൂപയുടെ തകർച്ചയോടെയാണ്. എന്നാൽ, ഇക്കുറി രൂപ അല്‌പം ദുർബലമായെങ്കിലും വലിയതോതിൽ തകർന്നിട്ടില്ല. അതേസമയം, ബ്രസീൽ കറൻസി ഇടിഞ്ഞത് 25 ശതമാനമാണ്. 2008-09ലെ ആഗോളമാന്ദ്യ കാലത്ത് ഉപഭോഗം ഇടിഞ്ഞെങ്കിലും വ്യാപക തൊഴിൽ നഷ്‌ടം ഉണ്ടായില്ല. നമ്മുടെ സർക്കാരും സമ്പദ്സ്ഥിതിയും ശക്തവുമായിരുന്നു. ഇപ്പോൾ സ്ഥിതി അപ്രകാരമല്ല. മുഖം നോക്കാതെ കഴിവുള്ളവരെ നിലവിലെ പ്രതിസന്ധി നേരിടാൻ സർക്കാർ തിരഞ്ഞെടുക്കണം. എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തീരുമാനിക്കുന്നത് നല്ല കാര്യമല്ലെന്നും രാജൻ പറഞ്ഞു.

ഐ.എം.എഫ് ഉപദേശക

സമിതിയിൽ രാജനും

ഐ.എം.എഫ് മേധാവി ക്രിസ്‌റ്റലീന ജോർജിയേവയുടെ 11 അംഗ ബാഹ്യ ഉപദേശക സമിതിയിൽ രഘുറാം രാജനെയും ഉൾപ്പെടുത്തി. നയരൂപീകരണത്തിലും കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം മറികടക്കാനും ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ദൗത്യം.