ഇടുക്കി: ഇടുക്കി ജില്ലയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ സൗഖ്യം നേടി ഇന്ന് മെഡിക്കൽ കോളേജ് വിട്ടിട്ടുണ്ട്. മുൻപ് ജില്ലയിൽ 10 പേർക്കായിരുന്നു ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്ന് നാല് പേരു കൂടി ആശുപത്രി വിട്ടതോടെ നിലവിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച കേസുകളില്ല എന്ന വിവരമാണ് ലഭിക്കുന്നത്.
'വളരെയേറെ ആശ്വാസവും സന്തോഷവുമുണ്ട്. ചികിത്സിച്ച എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയുന്നു. കലക്ടർ, ഡിഎംഒ, രാഷ്ട്രീയ നേതാക്കൾ എല്ലാവർക്കും നന്ദിയറിയിക്കുകയാണണ്. എല്ലാവരും ശ്രമിച്ചാൽ ഈ രോഗത്തെ ഇവിടെ നിന്നും തുടച്ച് മാറ്റാൻ കഴിയും'- രോഗം ഭേദമായ ആൾ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു. രോഗമുക്തി നേടി ആശുപത്രി വിട്ടെങ്കിലും ഇവർ അവരവരുടെ വീടുകളിൽ നിരീക്ഷണം തുടരും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും, കാസർകോട്ട് രണ്ടുപേർക്കും കോഴിക്കോട്ട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഏഴുപേർക്ക് സമ്പർക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 228 പേർ ചികിത്സയിലുണ്ട്. അതേസമയം ഇന്ന് 19 പേർ രോഗമുക്തി നേടി.