pinarayi-

തിരുവനന്തപുരം:ഇ.എസ്.ഐ പരിധി പതിനയ്യായിരത്തിൽ നിന്ന് ഇരുപതിനായിരമാക്കി ഉയർത്തണമെന്ന് പ്രധാനമന്ത്രിയുടെ വിഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇ.എസ്.ഐയിൽ നിന്ന് ശമ്പളം ലഭിക്കുന്നതിന്റെ മാനദണ്ഡത്തിൽ കൊവിഡിനെയും ഉൾപ്പെടുത്തണം. അടുത്ത മൂന്ന്, നാല് ആഴ്ചകൾ നിർണായകമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മഹാമാരി കാരണം വിവിധ രാജ്യങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കാവശ്യമായ പിന്തുണ എംബസികൾ മുഖേന നൽകാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഓരോ രാജ്യത്തെയും പ്രവാസി ഇന്ത്യക്കാരുടെ വിവരങ്ങൾ എംബസി എല്ലാ ദിവസവും ഇറക്കണം. ലേബർ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക, വിസിറ്റിംഗ് വിസയിൽ വിവിധ രാജ്യങ്ങളിൽ കഴിയുന്നവരെ പ്രത്യേക വിമാനത്തിൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നാട്ടിലെത്തിക്കുക, സംസ്ഥാനത്തെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുമുന്നയിച്ചു. സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിൽ കഴിയുന്ന 3.85ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ ഈ മാസം 14ന് ശേഷം ഏർപ്പെടുത്താനും അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.