തിരുവനന്തപുരം: ലോക്ക് ഡൗൺകാലത്ത് യാത്രാ വിലക്കുള്ളതിനാൽ യാത്ര ചെയ്തും, ഒരുമിച്ചുള്ള പാർട്ടി യോഗങ്ങളും സാദ്ധ്യമല്ലാത്ത സാഹചര്യത്തെ മറികടക്കാൻ ഓൺലൈൻ യോഗങ്ങളുമായി ബി.ജെ.പിയും. സ്റ്റാച്യുവിലെ ജില്ലാ കമ്മിറ്റി ഓഫീസിലിരുന്ന് പ്രസിഡന്റ് വി.വി രാജേഷ് ഓൺലൈൻ വഴി വിവിധ കമ്മിറ്റികളിൽ പങ്കെടുത്ത് പ്രവർത്തകർക്ക് നിർദ്ദേശം നൽകും.പ്രവർത്തകർക്ക് സാധാരണ യോഗം പോലെ സ്വന്തം ഫോണിലൂടെ വീഡിയോ മീറ്റിംഗിൽ പങ്കെടുക്കാം. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും, ജനറൽ സെക്രട്ടറിമാരുൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള യോഗത്തിൽ പങ്കെടുക്കേണ്ടവരെ അതാത് ദിവസം രാവിലെ ഫോൺ മെസേജ് വഴി അറിയിക്കും.
ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ ആയിരക്കണക്കിന് പ്രവർത്തകരാണ് സേവന രംഗത്തുള്ളത്. എല്ലാ ദിവസവും വൈകിട്ട് ആറിന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡയ്ക്ക് സേവന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സംസ്ഥാന ഘടകം നൽകുന്നുണ്ട്. രാത്രി സമയത്താണ് ഓൺലൈൻ യോഗങ്ങൾ നടക്കുക. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലിരുന്ന് തന്നെ ഫോൺ വഴി യോഗത്തിൽ പങ്കെടുക്കാമെന്ന സൗകര്യം കൂടിയുണ്ട്. ലോക്ക് ഡൗൺ കാലം കഴിഞ്ഞാലും ദൈനം ദിന സംഘടനാ പ്രവർത്തനത്തിൽ ആധുനിക ടെക്‌നോളജിയുടെ സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു.