sanju

തിരുവനന്തപരം: ഓരോ ദിവസവും ടെസ്റ്റ് മാച്ച് പോലെയാണ് പോകുന്നത്, എന്നിട്ട് ഈ വർഷത്തിന്റെ പേരോ ട്വന്റി-20... ഐ.പി.എല്ലിൽ തകർത്ത് കളിക്കേണ്ട സമയത്ത് വീട്ടിനുള്ളിൽ ലോക്കായിപ്പോയെങ്കിലും ഇതുപോലുള്ള ട്രോളുകളും വായനയും സിനിമ കാണലും വർക്കൗട്ടുമൊക്കെയായി ഭാര്യ ചാരുലതയ്ക്കൊപ്പം തിരുവനന്തപുരത്തെ ഫ്ലാറ്രിൽ ലോക്ക് ഡൗൺ കാലം ആസ്വദിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്രിലെ മലയാളി വിസ്‌മയം സഞ്ജു സാംസൺ.

കൊവിഡ് 19 എന്ന മഹാമാരിയെ രാഹുൽ ദ്രാവിഡിനെപ്പോലെ പ്രതിരോധിച്ച് സെവാഗിന്റെ സിക്സ് പോലെ തൂക്കിയെടുത്ത് വെളിയിൽക്കളയാമെന്ന പ്രതീക്ഷിയിലാണ് സഞ്ജു. അതിനായി കോച്ചിന്റെയും ക്യാപ്ടന്റെയും റോളിലുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സഞ്ജു ഓർമ്മിപ്പിക്കുന്നു. ഈ സമയവും കടന്നു പോകുമെന്നും നല്ല നാളെയിലേക്ക് നമ്മൾ ഉയിർത്തെണീക്കുമെന്നും ഈസ്റ്രർ വേളയിൽ ശുഭാപ്തി വിശ്വാസത്തിലാണ് താരം.

ട്രെയിനർ ചേട്ടാ നന്ദി

ലോക്കായിപ്പോയെങ്കിലും ഫിറ്റ്‌നസ് നോക്കാതിരിക്കാൻ പറ്റില്ലല്ലോ. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് വിവരം കിട്ടയപ്പോഴേ സ്ഥിരമായി പോകുന്ന ജിമ്മിലെ ട്രെയിനർ ചേട്ടൻ വർക്കൗട്ടിനുള്ള കുറച്ച് ഉപകരണങ്ങൾ വീട്ടിലേക്ക് തന്നുവിട്ടു. പിന്നെ കൈയിലുണ്ടായിരുന്നവയും വച്ച് ഫ്ലാറ്റിന്റെ ടെറസിലും ബാൽക്കണിയിലും എന്നും വൈകിട്ട് വർക്കൗട്ട് ചെയ്യുന്നു.

കൊവിഡിനെ ഔട്ടാക്കിയിട്ടാവാം കളി

ഐ.പി.എൽ ഇപ്പോൾ നടത്താനാകാത്തതിൽ ചെറിയ വിഷമമുണ്ടെങ്കിലും നിരാശയില്ല. ആദ്യം നമുക്ക് ഈ മഹാമാരിയെ ഒന്നിച്ച് തുരത്താം,​ എന്നിട്ടാവാം കളിയും ആഘോഷങ്ങളുമെല്ലാം എന്നാണ് സഞ്ജുവിന്റെ പോളിസി. ഐ.പി.എൽ. നടക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു കേരള കൗമുദിയോട് പറഞ്ഞു.

വായനയുടെ സ്വിംഗിൽ

കുട്ടിക്കാലം മുതലേ വായനയുണ്ട്. തിരക്കായപ്പോൾ വായന കുറച്ച് കുറഞ്ഞിരുന്നു. ഇപ്പോൾ വീണുകിട്ടിയ സമയം വായനയ്ക്ക് നന്നായി ഉപയോഗിക്കുന്നു. ക്രിക്കറ്റ് താരങ്ങളുടെയും ആത്മകഥകളും ജീവചരിത്രങ്ങളുമാണ് ഇഷ്ടം. സ്റ്റീവോയുടെ -ഔട്ട് ഒഫ് മൈ കംഫർട്ട് സോണാണ് വായിച്ചു കൊണ്ടിരിക്കുന്നത്.

വീഡിയോ ചാറ്റ്

ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി ഫോൺ വിളിച്ചും വീഡിയോ ചാറ്റിംഗും നടത്തി എല്ലാവരുടെയും വിശേഷങ്ങൾ അറിയുന്നുണ്ട്. കഴിഞ്ഞ ദിവസം രോഹിത് ശർമ്മയുമായി കുറെ സംസാരിച്ചു.

പാചകം മിസ് ക്യാച്ച്

ഇടയ്ക്ക് ചില പാചക പരീക്ഷണത്തിന് ശ്രമിച്ചെങ്കിലും പണി പാളി. സിനിമ കാണലും ടി.വിയിലെ വാർത്തകളും പത്ര വായനയും കൃത്യമായി നടക്കുന്നുണ്ട് ഇപ്പോൾ.

ഉയിർത്തെണീക്കും, ഉറപ്പ്

വിശുദ്ധ വാരത്തിൽ പള്ളിയിൽ പോകാനായില്ലെന്ന വിഷമമുണ്ടെങ്കിലും ഓൺലൈനിൽ ശുശ്രൂഷകൾ ലൈവായി ഉണ്ടായിരുന്നത് ആശ്വാസമായി. ഇപ്പോഴത്തെ ഈ ദുർഘട അവസ്ഥയിൽ നിന്ന് നമ്മൾ ഉയിർത്തെണീക്കും. പ്രത്യാശയോടെ കാത്തിരിക്കാം- സഞ്ജു പറഞ്ഞു.