തിരുവനന്തപുരം: കൊവിഡ് പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. അദ്ദേഹം അത്തരത്തിൽ പ്രതികരിച്ചത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അങ്ങനെ സുരേന്ദ്രൻ പറഞ്ഞുവെങ്കിൽ അതിനെ ഞാൻ എതിർക്കേണ്ട കാര്യം എന്താണ് ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാന സർക്കാരിനെ വിമർശിക്കുവാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്നും വിമർശിക്കാന്‍ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി പ്രതിപക്ഷം നിർത്തണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞിരുന്നു. സർക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോൾ ചെയ്യേണ്ടതെന്നും കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും, കാസർകോട്ട് രണ്ടുപേർക്കും കോഴിക്കോട്ട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഏഴുപേർക്ക് സമ്പർക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയർന്നു. സംസ്ഥാനത്ത് നിലവിൽ 228 പേർ ചികിത്സയിലുണ്ട്. അതേസമയം ഇന്ന് 19 പേർ രോഗമുക്തി നേടിയിട്ടുണ്ട്.