ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഗൾഫ് നാടുകളിലുള്ള രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കുക എന്ന ആവശ്യം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ചുള്ള യു.എ.ഇ അംബാസിഡറുടെ നിർദേശം ഇപ്പോൾ സ്വീകരിക്കാനാകില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താക്കൾ പറയുന്നത്. ഒരു മലയാളം വാർത്താ ചാനലിനാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
രാജ്യത്ത് ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ കഴിയില്ലെന്നും അതിനായി പ്രത്യേക വിമാനം അയക്കുക എന്ന കാര്യം പ്രായോഗികമല്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
എന്നാൽ പ്രവാസികളുടെ പരാതികളിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇടപെടുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായിക്കാമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസിഡർ അഹമ്മദ് അൽ ബന്ന ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. മലയാളി പ്രവാസികളോട് യു.എ.ഇയിലെ ഇന്ത്യൻ എംബസി മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.