ലണ്ടൻ: ഇൗ വർഷത്തെ വിംബിൾഡൺ റദ്ദാക്കിയതിനാൽ സംഘാടകരായ ആൾ ഇംഗ്ളണ്ട് ടെന്നിസ് ക്ളബിന് സാമ്പത്തിക നഷ്ടമുണ്ടെന്ന് കരുതേണ്ട.ടൂർണമെന്റിന്റെ ഇൻഷുറൻസ് തുകയായി 100 ദശലക്ഷം പൗണ്ടാണ് കിട്ടാൻ പോകുന്നത്. പകർച്ചവ്യാധിയോ മറ്റോ വന്ന് മത്സരം മാറ്റിവച്ചാൽ നഷ്ടം വരാതിരിക്കാൻ മുമ്പേ ടൂർണമെന്റ് ഇൻഷ്വർ ചെയ്തിരുന്നു.രണ്ടാം ലോക മഹായുദ്ധകാലത്തിന് ശേഷം ആദ്യമായി വിംബിൾഡൺ മാറ്റിവയ്ക്കാൻ സംഘാടകർക്ക് ധൈര്യമേകിയതും ഇൻഷ്വറൻസ് തുകയാണ്. ഐ.പി.എല്ലിന് ഇൻഷ്വറൻസ് ഇല്ല അതേസമയം ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കിയാൽ സംഘാടകർക്ക് വൻ നഷ്ടമായിരിക്കും.വിംബിൾഡണിലേതുപോലെയുള്ള ഇൻഷ്വറൻസ് പരിരക്ഷ ഐ.പി.എല്ലിന് ഇല്ലാത്തതാണ് കാരണം. ഇന്ത്യയിൽ പകർച്ചവ്യാധി മൂലം ടൂർണമെന്റ് മാറ്റിവച്ചാൽ നഷ്ടപരിഹാരം കിട്ടാനുള്ള വകുപ്പ് പോളിസികളിൽ ഇല്ലെന്നും യൂറോപ്യൻ രാജ്യങ്ങളിലാണത് നിലവിലുള്ളതെന്നും ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു.