ന്യൂഡൽഹി: കൊവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ സഹായിക്കാൻ ഇന്ത്യയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം കുവൈറ്റിലെത്തി. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 15 സംഘം കുവൈറ്റിൽ എത്തിയത്. രോഗപരിശോധന, ചികിത്സ എന്നീ കാര്യങ്ങളിൽ സംഘം കുവൈറ്റ് ആരോഗ്യ വകുപ്പിനെ സഹായിക്കും. മെഡിക്കൽ സംഘത്തെ അയക്കണമെന്ന് കുവൈറ്റ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങിയ സംഘം കുവൈറ്റിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. ഇന്ത്യയിൽ നിന്നുമുള്ള പ്രത്യേക വിമാനത്തിലാണ് മെഡിക്കൽ സംഘം കുവൈറ്റിലെത്തിയത്. രണ്ടാഴ്ചയോളം ഇവർ സേവനസന്നദ്ധരായി കുവൈറ്റിൽ തുടരുമെന്നും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പറയുന്നു.
സമാനമായ രീതിയിൽ സഹായം ആവശ്യമുള്ള സൗഹൃദ രാഷ്ട്രങ്ങളിലേക്ക് ഈ സംഘങ്ങളെ അയച്ചുകൊണ്ട് പിന്തുണ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിയും കുവൈറ്റ് പ്രധാനമന്ത്രിയും ഫോണിലൂടെ ചർച്ച നടത്തുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതുവരെ കുവൈറ്റിൽ 1154 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 634 പേർ ഇന്ത്യയിൽ നിന്നുമുള്ളവരാണ്.